
കണ്ണൂര്‍ സ്വദേശിനിയെ അബൂദബിയില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് യുവതിയുടെ കുടുംബം. അലവില്‍ കുന്നാവ് പരേതനായ സുബ്രഹ്‌മണ്യന്റെയും സുമയുടെയും ഏക മകള്‍ മനോഗ്‌ന(31)യുടെ മരണമാണ് കൊലപാതകമാണെന്ന് സംശയിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ അബൂദബിയില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
![]() |
|
സംഭവുമായി ബന്ധപ്പെട്ട് മനോഗ്നയുടെ ഭര്‍ത്താവ് താണ മാണിക്കക്കാവ് സ്വദേശി ലിനേകിനെ അബൂദബി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ലിനേകിനെ കൈഞരമ്പ് മുറിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തിയിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മനോഗ്‌ന ദുബൈയില്‍ വെബ് ഡെവലപ്പറായി ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികള്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
യുവതിയുടെ മരണം നടന്ന ഞായറാഴ്ചയും ഇരുവരും തമ്മില്‍ വഴക്കിടുന്നതിന്റെ ശബ്ദം സമീപത്തെ ഫ്‌ളാറ്റിലുള്ളവര്‍ കേട്ടിരുന്നു. ഈ വിവരം ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപോര്‍ട്ട് കിട്ടിയതിന് ശേഷമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനാകൂ. 2021 ഏപ്രില്‍ 21നാണ് ലിനേകും മനോഗ്‌നയും വിവാഹിതരായത്. ഇതിനു ശേഷം ഭര്‍ത്താവിനൊപ്പം മനോഗ്‌ന ഗള്‍ഫിലേക്ക് പോവുകയായിരുന്നു.