28
Feb 2024
Wed
28 Feb 2024 Wed
family of girl found dead in chaliyar raise accusation against pocso case accused karate master

മലപ്പുറം എടവണ്ണപ്പാറയില്‍ പതിനേഴുകാരിയായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ചാലിയാര്‍ പുഴയില്‍ അര്‍ധനഗ്നയായി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പെണ്‍കുട്ടിയെ കരാട്ടെ അധ്യാപകന്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും വൈകി മാത്രമാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും പറഞ്ഞ കുടുംബം പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും വ്യക്തമാക്കി. രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ കരാട്ടെ അധ്യാപകനെതിരേയാണ് കുടുംബത്തിന്റെ ആരോപണം. അധ്യാപകനെതിരേ പരാതി നല്‍കാനിരിക്കെയാണ് കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയെ ചാലിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളംകുറഞ്ഞ ഭാഗത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മേല്‍വസ്ത്രമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം.(family of girl found dead in chaliyar raise accusation against pocso case accused karate master)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുവര്‍ഷം മുമ്പാണ് പെണ്‍കുട്ടി കരാട്ടെ പഠിക്കാന്‍ പോയിത്തുടങ്ങിയത്. കരാട്ടെ അധ്യാപകന്‍ മൂന്നു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നും അടുത്തുമാത്രമാണ് തങ്ങള്‍ ഇക്കാര്യം അറിയുന്നതെന്നും മരിച്ച പെണ്‍കുട്ടിയുടെ സഹോദരിമാര്‍ വെളിപ്പെടുത്തി. അധ്യാപകനില്‍ നിന്നു താന്‍ നേരിട്ട പീഡനങ്ങളേക്കുറിച്ച് പെണ്‍കുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. പരാതി കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടര്‍ന്ന് അവര്‍ മൊഴിയെടുക്കാന്‍ വന്നെങ്കിലും പെണ്‍കുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

പത്താം ക്ലാസില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച പെണ്‍കുട്ടി പ്ലസ് വണ്ണില്‍ പഠനം ഇടയ്ക്കു നിര്‍ത്തിയിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ആറോടെ പെണ്‍കുട്ടിയെ കാണാതായത്. തിരച്ചിലില്‍ രാത്രി എട്ടോടെ ചാലിയാര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കരാട്ടെ പഠിക്കാന്‍ വന്നിരുന്ന എല്ലാ പെണ്‍കുട്ടികളെയും അധ്യാപകന്‍ പലവിധത്തില്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഈ ചൂഷണം. താന്‍ നിങ്ങളുടെ ഗുരുവും ദൈവമാണെന്നും നിങ്ങളുടെ ശരീരവും മനസ്സും ഗുരുവിന്റെ തൃപ്തിക്കായിട്ടുള്ളതാണെന്നും പ്രതി പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നെഞ്ചത്തു കൈവച്ചാലാണ് ഗുരുവിനു നിങ്ങളെ അറിയാന്‍ കഴിയുകയെന്നും നിങ്ങളെ പൂര്‍ണമായും ഗുരുവിനു സമര്‍പ്പിക്കണമെന്നും പിന്നീട് പ്രതി ആവശ്യപ്പെടും. ഗുരുവിലൂടെ മാത്രമേ നിങ്ങള്‍ക്ക് വിജയമുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിക്കുന്ന പ്രതി തുടര്‍ന്ന് നിങ്ങള്‍ ഇനി ആരുടേതാണ് എന്ന് ചോദിക്കുന്നതോടെ ‘മാഷിന്റേതാണ്’ എന്ന് കുട്ടികള്‍ ഒന്നടങ്കം മറുപടി പറയുകയും ചെയ്യും.

ഗുരുവായ താന്‍ പെണ്‍കുട്ടികളുടെ ദേഹത്ത് തൊടുമ്പോള്‍ത്തന്നെ അത് മോശമല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. റിലാക്‌സേഷന്‍ വര്‍ക് എന്നു പറഞ്ഞ് ശരീരവളര്‍ച്ചയെത്തിയ പെണ്‍കുട്ടികളുടെ ദേഹത്ത് ഇയാള്‍ കയറിയിരുന്നിരുന്നു. ഇയാള്‍ പെണ്‍കുട്ടികളുടെ ദേഹത്ത് തടവുകയും അവരെ പരസ്യമായി ചുംബിക്കുകയും ചെയ്തിരുന്നുവെന്നും മരിച്ച പെണ്‍കുട്ടിയുടെ സഹോദരിമാര്‍ വെളിപ്പെടുത്തി. കരാട്ടെ അധ്യാപകന്റെ പീഡനത്തില്‍ മാനസികമായി തകര്‍ന്നതോടെയാണ് 17കാരി താന്‍ നേരിട്ട ദുരവസ്ഥ സഹോദരിമാരോട് വെളിപ്പെടുത്തുന്നത്. ഇതിനുശേഷമായിരുന്നു കുടുംബം അധ്യാപകനെതിരേ നിയമനടപടി സ്വീകരിക്കാന്‍ മുന്നോട്ടുവന്നത്. ഇതിനിടെ 17കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.