15
Jan 2025
Fri
15 Jan 2025 Fri
farewell to p jayachandran tomorrow

തൃശൂര്‍: മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. രാവിലെ എട്ടുമണിയോടെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ മൃതദേഹം എത്തിക്കും. പത്തു മണി മുതല്‍ പന്ത്രണ്ട് മണി വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് മൃതദേഹം കൊണ്ടു പോകും. തുടര്‍ന്ന് 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ വീണ്ടും പൊതുദര്‍ശനം. വൈകീട്ട് നാലു മണിയോടെയാണ് സംസ്‌കാരം.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് അന്ത്യം. പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പി ജയചന്ദ്രന്റെ നിര്യാണത്തില്‍ പ്രശസ്തര്‍ അനുശോചിച്ചു. 6 പതിറ്റാണ്ടോളം പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളില്‍ എന്നും സാന്ത്വനമായി തുടരുമെന്നും ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ജയചന്ദ്രന്റെ ഗാനശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

farewell to p jayachandran tomorrow