|
മുംബൈ: മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യയിൽ ഞെട്ടിക്കുന്ന വർധന. മറാത്ത്‌വാഡ മേഖലയിൽ 2022 ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് പകുതി വരെ 600 ഓളം കർഷകർ ആത്മഹത്യ ചെയ്തുവെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. യവാത്മാൾ ജില്ലയിൽ 48 കർഷകരാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. മഹാരാഷ്ട്ര സർക്കാരിന്റെ നയങ്ങളാണ് ആത്മഹത്യകൾക്ക് കാരണമെന്ന് കർഷകർ പറയുന്നു.
യവാത്മാളിൽ ഈ മാസം ഇതുവരെ 12 കർഷകർ ആത്മഹത്യ ചെയ്തു. ജില്ലയിൽ ഈ വർഷം ആകെ 205 കർഷക ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കർഷക ആത്മഹത്യകളെ പ്രതിരോധിക്കാൻ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്നും നാളെയുമായി കർഷകർക്ക് ബോധവത്കരണം നടത്താനാണ് നീക്കം.
അതേസമയം, സംസ്ഥാനത്തിന്റെ മറ്റു മേഖലകളിലും കർഷക ആത്മഹത്യകൾ പെരുകുയാണ്. ഔറംഗബാദിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ജനുവരി ഒന്നു മുതൽ ജൂലൈ വരെ 547 കർഷകർ ആത്മഹത്യ ചെയ്തു. ഓഗസ്റ്റിൽ മാത്രം 37 ആത്മഹത്യകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.
മറാത്ത്‌വാഡ മേഖലയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഔറംഗബാദ് ഡിവിഷനിൽ 12 മാസത്തിനിടെ 805 കർഷക ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയിൽ ദശലക്ഷക്കണക്കിന് ഹെക്ടർ കൃഷിഭൂമി നശിച്ചതിന്റേയും ഇതിന് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാത്തത്തിന്റേയും അനന്തരഫലമാണ് ആത്മഹത്യകളെന്നാണ് നിഗമനം.



