മലപ്പുറം: ജില്ലയിൽ അച്ഛനും മകനും മരിച്ചത് എലിപ്പനി തന്നെയെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. പൊന്നാനി സ്വദേശിയായ 70 വയസുകാരനും 44 വയസുള്ള മകനുമാണ് മരിച്ചത്. പനി ബാധിച്ചാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഈ മാസം 24, 28 തിയതികളിൽ മരിച്ച ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിക്കുന്നത്.
|
ജില്ലയിൽ എലിപ്പനി വ്യാപനം രൂക്ഷമായതോടെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പു നൽകി. അതിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് അഞ്ച് പേർ മരിച്ചു. മൂന്നു പേരുടെ മരണം എലിപ്പനി ബാധിച്ചാണെന്നാണ് നിഗമനം. ഒരാൾ ഡങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ഒരാൾ വയറിളക്ക രോഗം ബാധിച്ചാണ് മരിച്ചിരിക്കുന്നത്.
വയനാട്ടിൽ മൂന്ന് വയസുകാരൻ പനി ബാധിച്ചു മരിച്ചിരുന്നു. അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ നിഭിജിത് ആണ് മരിച്ചത്. പനി ബാധിച്ച് കുഞ്ഞ് ചികിത്സയിലായിരുന്നു. ഒരാഴ്ച്ചക്കിടെ ജില്ലയിൽ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.


