|
പാലക്കാട്: അമ്മ കഥാപാത്രങ്ങളിലൂടെ മനസ്സിലിടം നേടിയ സിനിമാ, സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സുണ്ട്. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി കെ ദാസ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം. അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.
200ല്‍ പരം സിനിമകളിലും 25ല്‍ അധികം സീരിയലുകളിലും കൂടാതെ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടന്‍ കെ.പി കേശവന്റെ മകളായി 1942 ല്‍ പാലക്കാട് കല്ലേക്കുളങ്ങരയില്‍ ജനിച്ചു. സ്‌കൂള്‍ പഠനകാലത്ത് കൊപ്പം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെ മീന നാടകരംഗത്തെത്തി. നടകത്തില്‍നിന്നാണ് സിനിമയിലെത്തിയത്. 1971ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ.എന്‍ ഗണേഷിനെ വിവാഹം ചെയ്തു. വിവാഹശേഷം മീനയും ഗണേഷും ചേര്‍ന്ന് പൗര്‍ണ്ണമി കലാമന്ദിര്‍ എന്ന പേരില്‍ ഷൊര്‍ണ്ണൂരില്‍ നാടക സമിതി തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇത് വൈകാതെ പൂട്ടി.

കെപിഎസി, എസ്എല്‍പുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സ്, അങ്കമാലി പൗര്‍ണമി, തൃശൂര്‍ ഹിറ്റ്‌സ് ഇന്റര്‍നാഷണല്‍, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളുടെ മുഖമായിരുന്നു മീന. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വര്‍ണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂര്‍വം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികള്‍ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. അക്കാലത്ത് നാടകരംഗത്തെ മുന്‍നിര നടിയായി മീന മാറി.
ഗണേഷ് എഴുതിയ 20 ലേറെ നാടകങ്ങളില്‍ മീനയും ഗണേഷും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്താണ് സിനിമയില്‍ ഹരിശ്രീ കുറിച്ചത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായി. വാല്‍ക്കണ്ണാടി, മീശമാധവന്‍, പുനരധിവാസം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചു.
സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.
Film and serial actress Meena Ganesh, who won hearts with her mother roles, passes away


