ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്ര നിരൂപകയും ചിത്രകാരിയും ഫെസ്റ്റിവല്‍ ക്യുറേറ്ററുമായ അരുണ വാസുദേവ് അന്തരിച്ചു. (film critic aruna vasudev is no more) 88 വയസ്സുണ്ട്. ‘ഏഷ്യന്‍ സിനിമയുടെ മാതാവ്’ എന്നാണ് അരുണ അറിയപ്പെട്ടിരുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് അന്ത്യം. അനവധി ഹ്രസ്വ ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്.
|
ഫിപ്രസി ഇന്ത്യ ഏര്‍പ്പെടുത്തിയ ആദ്യത്തെ സത്യജിത് റായ് പുരസ്‌കാരം നേടിയത് അരുണ ആയിരുന്നു. സിനിമയിലും സെന്‍സര്‍ഷിപ്പിലും പാരിസിലെ സോര്‍ബോണില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ചലച്ചിത്ര, സാംസ്‌കാരിക രംഗങ്ങളിലെ ഇവരുടെ സംഭാവനകള്‍ മാനിച്ച് ഫ്രഞ്ച് പരമോന്നത സാംസ്‌കാരിക ബഹുമതിയായ ഓഫീസര്‍ ദെ ആര്‍ട്‌സ് എ ദെ ലെറ്റേഴ്‌സ് ബഹുമതിനല്‍കി അവരെ ആദരിച്ചു.
1988 ല്‍ ഏഷ്യന്‍ സിനിമാ സംബന്ധിയായ ‘സിനിമായ’ എന്ന ത്രൈമാസികയുടെ സ്ഥാപക പത്രാധിപരുമാണ്. ലതിക പട്ഗാവോങ്കര്‍, രശ്മി ദൊരൈസ്വാമി എന്നിവരുമായി ചേര്‍ന്ന് അരുണ വാസുദേവ് രചിച്ച ‘ബിയിങ് ആന്‍ഡ് ബികമിങ്, ദ് സിനിമാസ് ഓഫ് ഏഷ്യ’ എന്ന പുസ്തകം ഏഷ്യന്‍ സിനിമയെ സംബന്ധിച്ച നാഴികക്കല്ലായാണ് കരുതുന്നത്.
സംവിധായകരായ അരവിന്ദനുമായും അടൂര്‍ ഗോപാലകൃഷ്ണനുമായും വളരെ അടുപ്പം സൂക്ഷിച്ചുപോന്നു. അന്തരിച്ച മുന്‍ നയതന്ത്രജ്ഞന്‍ സുനില്‍ റോയ് ചൗധരിയാണ് ഭര്‍ത്താവ്. ഗ്രാഫിക് ഡിസൈനര്‍ യാമിനി റോയ് ചൗധരി മകളാണ്. ബിജെപി മുന്‍ എംപി വരുണ്‍ ഗാന്ധിയാണ് മരുമകന്‍. സംസ്‌കാരം ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ നടന്നു.


