മുംബൈ: ഓം റൗത്ത് സംവിധാനം ചെയ്ത് പ്രഭാസും കൃതി സനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ എന്ന സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ‘ഇത് നമ്മുടെ രാമായണമല്ല, ആദിപുരുഷ് സിനിമ ഉടന്‍ നിരോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, എന്നാണ് അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ശ്രീരാമന്റെയും ഹനുമാന്റെയും പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ആദിപുരുഷ് സിനിമ ഹിന്ദുക്കളുടെയും സനാതന ധര്‍മ്മത്തിന്റെയും മതവികാരം വ്രണപ്പെടുത്തുന്നു.’ കത്തില്‍ പറയുന്നു.രാജ്യത്തും ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്ന ഡയലോഗുകളുള്ള ഒരു വീഡിയോ ഗെയിമിലെ കഥാപാത്രം പോലെ കാണപ്പെടുന്ന ഭഗവാന്‍ രാമനെയും രാവണനെയും ഈ സിനിമ ചിത്രീകരിക്കുന്നു. ഈ സിനിമയുടെ പ്രദര്‍ശനം നിര്‍ത്താന്‍ ഉത്തരവിടണമെന്നും ഭാവിയില്‍ തിയേറ്ററുകളിലും ഒടി പ്ലാറ്റ്ഫോമുകളിലും ആദിപുരുഷ് പ്രദര്‍ശനം ഉടന്‍ നിരോധിക്കണമെന്നും’ എഐസിഡബ്ല്യുഎ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.
|
സംവിധായകനും എഴുത്തുകാരനുമായ മനോജ് മുംതസിര്‍ ശുക്ലയ്ക്കെതിരെ എഫ്ഐആര്‍ ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു. ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുകയും നമ്മുടെ ഭഗവാന്‍ ശ്രീരാമന്റെയും സീതാദേവിയുടെയും രാം ഭക്തനായ ഹനുമാന്റെയും പ്രതിച്ഛായ തകര്‍ക്കുകയും ചെയ്ത സംവിധായകന്‍ (ഓം റൗത്ത്), എഴുത്തുകാരന്‍ (മനോജ് മുംതസിര്‍ ശുക്ല), സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നും സംഘടന ആവശ്യപ്പെട്ടു. പ്രഭാസും കൃതി സനോണും സെയ്ഫ് അലി ഖാനും ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു അപമാനകരമായ സിനിമയുടെ ഭാഗമാകാന്‍ പാടില്ലായിരുന്നുവെന്നും കത്തില്‍ പറയുന്നു. ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സ്ഥാപകനും അദ്ധ്യക്ഷനുമായ സുരേഷ് ശ്യാംലാല്‍ ഗുപ്തയുടെതാണ് കത്ത്.


