15
Mar 2023
Mon
15 Mar 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നടനും ചാലക്കുടി മുൻ എം.പിയുമായ ഇന്നസെന്റിന്റെ പൊതുദർശനം ആരംഭിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് പൊതുദർശനം നടക്കുന്നത്. കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ നിന്നും നേരെ ഇവിടേക്ക് എത്തിക്കുക ആയിരുന്നു. വെള്ളിത്തിരയിൽ അത്ഭുതം തീർത്ത അതുല്യ കാലാകാരനെ ഒരു നോക്ക് കാണാനായി ആയിരങ്ങൾ ആണ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്.

മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. പൊതുജനങ്ങൾക്കായും സിനിമാ പ്രവർത്തകർക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ ആളുകൾക്കും ഇവിടെ തന്നെ അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്.

സഹപ്രവർത്തകരിൽ പലർക്കും പ്രിയനടന്റെ വിയോഗം താങ്ങാനായില്ല. വികാരഭരിതരായാണ് പലരും മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉൾപ്പെടെയുള്ള നടന്മാർ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. ദിലീപ് നിറകണ്ണുകളോടെ ആശുപത്രിയിലുണ്ടായിരുന്നു.

പതിനൊന്നു മണിക്ക് കൊച്ചിയിൽ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചെങ്കിലും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ തിരക്കുകാരണം ഉച്ചവരെ കൊച്ചിയിൽ പൊതുദർശനം തുടരും. രാവിലെ മുതൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ വൻ ജനാവലിയായിരുന്നു ഇന്നസെന്റിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. മമ്മൂട്ടി, ദുൽഖർ സൽമാൻ, കുഞ്ചൻ, സിബി മലയിൽ, ഫാസിൽ, ഇടവേള ബാബു, ബാബു രാജ്, സിദ്ധിഖ്, മോഹൻജോസ്, മധുപാൽ, പൊന്നമ്മ ബാബു തുടങ്ങി സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖരും രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹിക നേതാക്കളും ആദരാഞ്ജലി അർപ്പിചിച്ചു