കോഴിക്കോട്: പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. (Fire in Kozhikode city brought under control after 5 hours; Losses worth lakhs) തീപിടിത്തമുണ്ടായി ആറാം
മണിക്കൂറിലാണ് തീ നിയന്ത്രണവിധേയമാകുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
|
ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂര്‍ത്തിയായത്
രാസവസ്തുക്കള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തീ അണച്ചത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചതായി കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാര്‍ പറഞ്ഞു. തുണിത്തരങ്ങള്‍ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്.
ALSO READ: കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് വൻ അഗ്നിബാധ
അവധിക്കാലമായതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ധാരാളം തുണിത്തരങ്ങള്‍ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാല്‍ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. സ്ഥാപനത്തിലെ ജീവനക്കാര്‍ മുഴുവന്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അഗ്‌നിരക്ഷാസേനയുടെ 20 യൂണിറ്റുകളാണ് തീയണയ്ക്കാനായി രംഗത്തുണ്ടായിരുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം, കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് 2 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
ഓടി രക്ഷപ്പെട്ട് ജീവനക്കാര്‍; 10 മിനിറ്റിനുള്ളില്‍ തീവീഴുങ്ങി

തീപിടിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കാലിക്കറ്റ് ഫാഷന്‍ ബസാറിലെ ഗോഡൗണില്‍ നിന്നു സ്ത്രീകളും യുവാക്കളും ഓടിയിറങ്ങുന്നതു കണ്ട സമീപത്തെ വ്യാപാരികള്‍ അമ്പരന്നു നിന്നു. ഓടുന്നവര്‍, ഒപ്പമുള്ളവര്‍ രക്ഷപ്പെട്ടോ എന്നു ചോദിക്കുന്നുണ്ടായിരുന്നു. ഇതു കേട്ടതോടെ സമീപത്തെ വ്യാപാരികള്‍ക്കും ചുമട്ടു തൊഴിലാളികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പന്തികേടു തോന്നി. ഇവരും എയ്ഡ് പോസ്റ്റിലെ പൊലീസുകാരുമാണു സംഭവത്തിന്റെ ഗൗരവം ആദ്യം തിരിച്ചറിഞ്ഞത്.
10 മിനിറ്റ് തികഞ്ഞില്ല. ബസ് സ്റ്റാന്‍ഡിലെ പടിഞ്ഞാറെ ബ്ലോക്ക് കെട്ടിടത്തിന്റെ മുകള്‍ നിലയുടെ ഒരുഭാഗം പൂര്‍ണമായി തീ വിഴുങ്ങി. കെട്ടിടത്തിന്റെ നാലിരട്ടി ഉയരത്തിലേക്കു തീയും പുകയും ഉയര്‍ന്നു. ബസ് സ്റ്റാന്‍ഡില്‍ എത്തിയവര്‍ എന്തു ചെയ്യും എന്നറിയാതെ നില്‍ക്കുമ്പോഴേക്കും കൂടുതല്‍ പൊലീസ് എത്തി. മുഴുവന്‍ യാത്രക്കാരോടും വ്യാപാരികളോടും സ്റ്റാന്‍ഡില്‍ നിന്നു പുറത്തു പോകാന്‍ ആവശ്യപ്പെട്ടു.
സ്റ്റാന്‍ഡിലും പരിസരത്തും കറുത്ത പുക, തുണി കത്തിയ അസഹ്യമായ ദുര്‍ഗന്ധവും. തമ്മില്‍ കാണാന്‍ കഴിയാത്ത വിധം പുക നിറഞ്ഞു. പലരും ശ്വാസ തടസ്സം നേരിട്ടു പുറത്തേക്കോടി. അപ്പോഴേക്കും 25 മിനിറ്റ് പിന്നിട്ടു. 3 യൂണിറ്റ് അഗ്‌നിരക്ഷാ സേന എത്തി വെള്ളം ചീറ്റിയെങ്കിലും കെട്ടിടത്തിനു ചുറ്റും താല്‍ക്കാലിക നിര്‍മിതികളുണ്ടായിരുന്നതിനാല്‍, വെള്ളം അകത്തെത്തിയില്ല. പുക നിറഞ്ഞതോടെ കെട്ടിടത്തിനകത്തു കയറാന്‍ അഗ്‌നിരക്ഷ സേനാംഗങ്ങള്‍ക്കു തുടക്കത്തില്‍ കഴിഞ്ഞില്ല.
പിന്നീട് മുഴുവന്‍ കടകളിലെയും ആളുകളെ ഒഴിപ്പിച്ചു. സ്റ്റാന്‍ഡ് പൊലീസ് വലയത്തിലായി. കൂടുതല്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. ഒരു മണിക്കൂര്‍ പിന്നിട്ടതോടെ 38 യൂണിറ്റ് അഗ്‌നിശമന സേന എത്തി. രണ്ടു മണിക്കൂര്‍ പിന്നിട്ടതോടെ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു തീ പടര്‍ന്നു. മുറികള്‍ ഷട്ടറിട്ടു പൂട്ടിയ ഈ ഭാഗവും മിനിറ്റുകള്‍ക്കകം കത്തി. ഇതിനിടെ, അടുത്ത കെട്ടിടത്തിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും പുക കയറി.
തീ പടരാതിരിക്കാന്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, മറ്റു കെട്ടിടങ്ങളിലേക്കു വ്യാപാരികളുടെ സഹായത്തോടെ കയറി. മുകള്‍ നിലയിലെ ഷട്ടറുകളും വാതിലും തകര്‍ത്തു. സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്തെ കെട്ടിട ബ്ലോക്കിലെ നാലാം നിലയില്‍ കയറി വെള്ളം പമ്പു ചെയ്ത് തീ നിയന്ത്രണ വിധേയമാക്കി.
അപ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു അഗ്‌നിരക്ഷാസേനാ യൂണിറ്റുകളെത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു കെമിക്കല്‍ ഫയര്‍ എന്‍ജിന്‍ എത്തിയിട്ടും തീ നിയന്ത്രണ വിധേയമായില്ല.
ഉയരുന്നത് നിരവധി ചോദ്യങ്ങള്‍
നഗരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാകാന്‍ വൈകിയത് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. നഗരത്തിലെ ഫയര്‍സ്റ്റേഷന്‍ ഒഴിവാക്കിയത് മുതല്‍ കോര്‍പറേഷന്റെ അലംഭാവം വരെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നു.
നഗരത്തിലുണ്ടായിരുന്ന ഏക ഫയര്‍ സ്റ്റേഷനായ ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഒഴിവാക്കിയതോടെ നഗരത്തില്‍ തീപിടിത്തമുണ്ടായാല്‍ ആദ്യം തന്നെ നിയന്ത്രണവിധേയമാക്കാനുള്ള സാധ്യതയാണ് നഷ്ടമായത്. ഈ തീപിടിത്തത്തില്‍ ആ കുറവ് പ്രകടമായി. ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു ഫയര്‍ എഞ്ചിന്‍ പോലും ഇല്ലാത്തതും തീ നിയന്ത്രണമാക്കുന്നതിനെ വൈകിപ്പിച്ചു
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടിത്തതിന് പിന്നാലെ ഇതും കൂടി ഉണ്ടായതോടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിമിതികളെക്കുറിച്ച വിമര്‍ശനം പ്രതിപക്ഷം ശക്തമാക്കി. തകരഷീറ്റുകൊണ്ടുണ്ടാക്കിയ കെട്ടിടഭാഗങ്ങള്‍ക്ക് അനുമതി നല്കിയതിലടക്കം കോര്‍പറേഷനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





