07
Nov 2023
Tue
07 Nov 2023 Tue

ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ ആദ്യ ദൃശ്യം പുറത്ത്; എല്ലാവരും ആരോഗ്യവാന്‍മാര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ സില്‍കാര്യ തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജ്ജിതമായിരിക്കെ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ ആദ്യ ദൃശ്യം പുറത്ത്. സില്‍കാരയിലെ ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍കുടുങ്ങിയ 41 തൊഴിലാളികളില്‍ ഒരാളുടെ ദൃശ്യമാണ് പുറത്തുവന്നത്. തുരങ്കത്തിനുള്ളിലേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്‌ളെക്‌സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുരങ്കത്തില്‍ കുടുങ്ങിയവരുമായി രക്ഷാപ്രവര്‍ത്തകസംഘം സമ്പര്‍ക്കം പുലര്‍ത്താന്‍ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടതോടെ രക്ഷാപ്രവര്‍ത്തകരില്‍ ആശ്വാസവും പ്രതീക്ഷയും ഉണ്ടായി. തൊഴിലാളികള്‍ സുരക്ഷിതരായി തുടരുന്നുവെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഫലം കാണുന്നതിനും തൊഴിലാളികള്‍ സുരക്ഷിതരായി പുറത്തുവരുന്നതിനുമായി കാത്തിരിക്കുകയാണ് നാടും കുടുംബങ്ങളും.

വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. ആദ്യ വഴിത്തിരിവുണ്ടായതായും 53 മീറ്റര്‍ നീളമുള്ള പൈപ്പ് തകര്‍ന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങളുടെ മറുവശത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും എന്‍.എച്ച്.ഐ.ഡി.സി.എല്‍ ഡയറക്ടര്‍ അന്‍ഷു ഖാല്‍കോ തിങ്കളാഴ്ച പറഞ്ഞിരുന്നു. കുടുങ്ങിയ തൊഴിലാളികള്‍ക്ക് തങ്ങളെ കേള്‍ക്കാന്‍ സാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാമെന്ന് അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് അറിയിച്ചു. തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 60 പേരടങ്ങുന്ന വിദഗ്ധ സംഘം തനിക്കൊപ്പമുണ്ടെന്നും സംഘത്തെ സഹായിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്ത് വരികയാണെന്നും ഡിക്‌സ് പറഞ്ഞു.

നവംബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടാവുന്നത്. ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകര്‍ന്നു. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. 41 ജീവനുകള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചപ്പോലെ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക