10
Oct 2023
Thu
10 Oct 2023 Thu

സിക്കിമിലെ മിന്നല്‍ പ്രളയം: മരണസംഖ്യ കൂടുന്നു, 22 സൈനികരെ കണ്ടെത്തിയില്ല; മലയാളികളുള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാങ്‌ടോക്: സിക്കിമില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കൂടുന്നു. ഇതുവരെ പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. 22 സൈനികര്‍ അടക്കം 80 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 സൈനികരാണ് വാഹനമുള്‍പ്പെടെ ഒലിച്ചുപോയതെങ്കിലും ഒരാളെ കണ്ടെത്തി. ബാക്കി 22 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

വടക്കന്‍ സിക്കിമില്‍ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയമാണ് സിക്കിമിനെ ദുരിതത്തിലാക്കിയത്. മാംഗന്‍, ഗാങ്‌ടോക്, പാക്യോങ്, നാംചി ജില്ലകളിലാണ് വലിയ നാശനഷ്ടം സംഭവിച്ചത്. ചുങ്താങ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. 14 പാലങ്ങളാണ് തകര്‍ന്നത്. ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയും തകര്‍ന്നു. 3000ലധികം വിനോദസഞ്ചാരികള്‍ വിവിധ പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ശക്തമായ മഴയും ഹിമപാളികള്‍ ഉരുകി ഒഴുകിയതുമാണ് ദുരന്ത കാരണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നേപ്പാളിലെ ഭൂകമ്പവും ദുരന്തകാരണമായോ എന്ന് സംശയിക്കുന്നതായും കേന്ദ്ര ജല കമ്മീഷന്‍ പറഞ്ഞു. സിക്കിമില്‍ 25 നദികള്‍ അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങികിടക്കുകയാണ്. ഇന്നലെ രാവിലെ മുതല്‍ ടീസ്റ്റ നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ചുങ്താങ് അണക്കെട്ടില്‍ നിന്നുള്ള വെള്ളം കൂടി എത്തിയത് ദുരന്ത തീവ്രത കൂട്ടി.

രണ്ടു ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി സിക്കിമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക