|
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ തുടക്കമിട്ട മദ്രസകളുടെ സർവേ ഉത്തരാഖണ്ഡിലും പയറ്റാൻ തീരുമാനിച്ച് ബിജെപി സർക്കാർ.
സംസ്ഥാനത്തെ എല്ലാ മദ്രസകളിലും സംസ്ഥാന സർക്കാർ സർവേ നടത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു.
‘ഉത്തരാഖണ്ഡിലെ എല്ലാ മദ്രസകളുടെയും സർവേ നടത്തും. കാലാകാലങ്ങളിൽ പല തരത്തിലുള്ള കാര്യങ്ങൾ ഉയർന്നുവരുന്നു. അതിനാൽ ശരിയായ സർവേ നടത്തേണ്ടത് വളരെ പ്രധാനമാണ്’- ധാമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കൂടാതെ ഈ സ്ഥാപനങ്ങളും ഞങ്ങൾക്ക് തൃപ്തികരമായിരിക്കണം എന്നതിനാൽ സർവേ നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ, യുപിയിൽ പ്രഖ്യാപിച്ച സർവേ ഇന്നലെ ആരംഭിച്ചു. ഇസ്ലാമിക സ്ഥാപനങ്ങളുടെ ഫണ്ടിങ് സ്രോതസ് ഉൾപ്പെടെയുള്ള വിവിധ വശങ്ങളെക്കുറിച്ച് അറിയാൻ ചൊവ്വാഴ്ച മൂന്നംഗ സമിതി സംസ്ഥാനത്തെ മദ്രസകൾ സന്ദർശിച്ചു. ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുകയുമാണ് സർവേയുടെ ലക്ഷ്യമെന്നാണ് യുപി സർക്കാർ പറയുന്നത്.
എന്നാൽ മദ്രസകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ പറയുന്നു. സർവേയുടെ റിപ്പോർട്ട് ഒക്ടോബർ അഞ്ചിനകം അതാതു പ്രദേശങ്ങളുടെ ചുമതലയുള്ള ജില്ലാ അധികാരികൾക്ക് സമർപ്പിക്കണം. അവർ ഒക്ടോബർ 25നകം സംസ്ഥാന ഭരണകൂടത്തിന് റിപ്പോർട്ട് നൽകണം.
അതിനിടെ, മദ്രസകളെ ലക്ഷ്യമാക്കിയുള്ള സർവേയ്ക്കെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ‘ഇത് മുസ്ലിം സമുദായത്തെ വേട്ടയാടാനുള്ള സർവേയാണ്. സ്വകാര്യ സ്കൂളുകൾ, മിഷനറി സ്കൂളുകൾ, സർക്കാർ സ്കൂളുകൾ, ആർഎസ്എസ് സ്കൂളുകൾ എന്നിവയുടേയും സർവേ നടക്കണം. അൺ എയ്ഡഡ് മദ്രസകളിൽ സർവേ നടത്തുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണ്. അത് തെറ്റാണ്’- ഉവൈസി വ്യക്തമാക്കി.
മദ്രസാ ബോർഡിന് കീഴിലുള്ള മുഴുവൻ മദ്രസകളുടേയും വിവരങ്ങൾ സർക്കാരിന്റെ കൈയിലുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം സ്വകാര്യ മദ്രസകൾ നടത്താൻ മുസ്ലിംകൾക്ക് അവകാശമുണ്ട്. അവിടെ സർവേ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇത് ഒരു സമുദായത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഈ മാസം ആദ്യമാണ് യുപിയിൽ മദ്രസകളുടെ സർവേ നടത്താൻ സർക്കാർ നിർദേശമുണ്ടായത്. അധ്യാപകരുടെ എണ്ണം, കരിക്കുലം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം വിവരശേഖരണം നടത്തുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞിരുന്നു. അംഗീകാരമില്ലാത്ത മദ്രസകൾ പൊളിച്ചുനീക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.
മദ്രസയുടെ പേര്, മദ്രസ നടത്തുന്ന കമ്മിറ്റിയുടെ വിവരങ്ങൾ, സ്വന്തം കെട്ടിടത്തിലാണോ അല്ലെങ്കിൽ വാടക കെട്ടിടമാണോ, അവിടെ പഠിക്കുന്ന കുട്ടികളുടെ എണ്ണം, കുടിവെള്ള ലഭ്യത, വൈദ്യുതി കണക്ഷൻ, ഫർണിച്ചർ സൗകര്യം, ടോയ്ലെറ്റ് സൗകര്യം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. മറ്റേതെങ്കിലും സർക്കാരിതര സംഘടനകളിൽ മദ്രസകൾക്ക് അംഗീകാരമുണ്ടോയെന്നും അന്വേഷിക്കുമെന്നും മന്ത്രി വിശദമാക്കിയിരുന്നു.
നിലവിൽ 16,461 മദ്രസകളാണ് യുപിയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 560 മദ്രസകൾക്കാണ് സർക്കാർ ഗ്രാൻഡ് നൽകുന്നത്. കഴിഞ്ഞ ആറു വർഷമായി സർക്കാർ ഗ്രാൻഡ് ലഭിക്കുന്ന ലിസ്റ്റിൽ പുതുതായി മദ്രസകളെ ഉൾപ്പെടുത്തിയിട്ടില്ല. മദ്രസാ ബോർഡിന്റെ ഗ്രാൻഡ് ലഭിക്കാത്ത മദ്രസകൾ അംഗീകാരമില്ലാത്തവയെന്ന് ആരോപിച്ച് പൊളിച്ചുനീക്കാനാണ് സർക്കാർ നീക്കം.
മദ്രസകളെ മാത്രം ലക്ഷ്യമിട്ടുള്ള യുപി സർക്കാരിന്റെ സർവേയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. മറ്റ് മത പഠനകേന്ദ്രങ്ങളിൽ ഇത്തരത്തിൽ സർവേ നടത്താത്ത സർക്കാർ മദ്രസകളെ മാത്രം കേന്ദ്രീകരിക്കുന്നതിന് പിന്നിൽ വർഗീയനീക്കമാണെന്നാണ് വിമർശനം.
അൽഖാഇദ ബന്ധമാരോപിച്ച് അസമിൽ മൂന്നു മദ്രസകൾ പൊളിച്ചുനീക്കിയിരുന്നു. ഇത് യുപിയിലും ഉത്തരാഖണ്ഡിലും തുടരാനാണ് ബിജെപി സർക്കാരുകളുടെ ശ്രമം. അതേസമയം അസമിൽ മദ്രസകൾ പൊളിച്ചുനീക്കുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു.



