2022 അവസാനത്തോടെ കാനഡയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണം എട്ടുലക്ഷം പിന്നിട്ടു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം വര്‍ധനവാണ് വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായതെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നടക്കം ആയിരക്കണക്കിന് വിദ്യാർഥികളാണ് കാനഡയിലുള്ളത്.
|
അതേസമയം പൊടുന്നനെ വന്‍തോതില്‍ വിദേശവിദ്യാര്‍ഥികള്‍ രാജ്യത്തേക്കെത്തിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവാരമില്ലാത്ത പഠനത്തിനു പുറമേ താമസസൗകര്യമടക്കമുള്ള പ്രതിസന്ധികളും വിദേശ വിദ്യാര്‍ഥികളെ വലയ്ക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉപരിപഠന സാധ്യതകള്‍ ഇല്ലാത്തതും വിദ്യാര്‍ഥികളെ നിരാശരാക്കുന്നുണ്ട്.
വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതോടെ ഇവര്‍ക്ക് പഠനസൗകര്യം ഒരുക്കാന്‍ പോലും അധികൃതര്‍ക്കാവുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ട്യൂഷന്‍ ഫീസ് ഇനത്തില്‍ യൂനിവേഴ്‌സിറ്റിക്ക് 200 മടങ്ങ് അധികം തുക ലഭിച്ചു. 85 ദശലക്ഷം ഡോളറാണ് ട്യൂഷന്‍ ഫീസായി യൂനിവേഴ്‌സിറ്റിക്ക് ലഭിച്ചത്.
കേപ് ബ്രെട്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ 5900 വിദ്യാര്‍ഥികളില്‍ നാലായിരവും വിദേശവിദ്യാര്‍ഥികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം യൂനിവേഴ്‌സിറ്റിയില്‍ 4200 വിദ്യാര്‍കളാണുണ്ടായിരുന്നത്. ഇതില്‍ 2400ഓളം വിദ്യാര്‍ഥികളായിരുന്നു വിദേശികള്‍.
ഇതടക്കമുള്ള യൂനിവേഴ്‌സിറ്റികളിലേക്ക് വിദ്യാര്‍ഥികള്‍ ഒഴുകിയെത്തിയതോടെയാണ് ഇവര്‍ക്കാവശ്യമായ പഠന, താമസ സൗകര്യങ്ങളൊരുക്കാനാവാതെ അധികൃതര്‍ ബുദ്ധിമുട്ടിലായത്. വിദേശവിദ്യാര്‍ഥികള്‍ പഠനഫീസായും മറ്റ് ജീവിതചെലവുകള്‍ക്കായും പ്രതിവര്‍ഷം 20 ബില്യന്‍ ഡോളറിലേറെ ചെലവിടുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
എത്രമാത്രം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് എന്നുപോലും ചിന്തിക്കാതെയാണ് ചില കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതെന്ന് വെസ്റ്റേന്‍ യൂനിവേഴ്‌സിറ്റിയിലെ ഐവി ബിസിനസ് സ്‌കൂളിലെ പ്രഫസര്‍ മൈക്ക് മൊഫാത്ത് കുറ്റപ്പെടുത്തുന്നു. വ്യത്യസ്തരായ കുറേയാളുകള്‍ ചേര്‍ന്ന് വ്യത്യസ്തമായ തീരുമാനങ്ങളെടുക്കുകയാണെന്നും അവിടെ ഏകോപനമില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലേക്ക് എത്രമാത്രം വിദേശവിദ്യാര്‍ഥികള്‍ക്ക് വരാമെന്നതിനെക്കുറിച്ചുപോലും തീരുമാനമില്ല. സ്ഥിരതാമസപദവിക്ക് വേദിയൊരുക്കാനുള്ള മാര്‍ഗമായി നമ്മുടെ പോസ്റ്റ് സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇവര്‍ക്കായി പുതിയ കോളജുകള്‍ തുറക്കുകയാണ് അപര്യാപ്ത സൗകര്യങ്ങളുള്ള സ്ഥാപനങ്ങള്‍ ചെയ്യേണ്ടതെന്ന് ജൂണില്‍ ചേര്‍ന്ന് കുടിയേറ്റ സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. വിദേശവിദ്യാര്‍ഥികള്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ച ശേഷം കാനഡയിലേക്ക് ജോലി ചെയ്യാനായി വരുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
പഠനം നടത്തുന്ന മേഖലയിലല്ലാതെ വിദേശവിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നു എന്നതും ഈ ആരോപണത്തിനു കരുത്തുപകരുന്നതാണെന്ന് വാട്ടര്‍ലൂ യൂനിവേഴ്‌സിറ്റിയിലെ ഇക്കോണമിക്‌സ് പ്രഫസര്‍ മികല്‍ സ്‌കൂട്ട്‌റുഡ് പറയുന്നു. തട്ടിക്കൂട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം പൂര്‍ത്തിയാക്കുന്ന വിദേശവിദ്യാര്‍ഥികള്‍ വെറുംകൈയോടെ സ്വരാജ്യങ്ങളിലേക്ക് മടങ്ങിപ്പോവുകയോ അല്ലെങ്കില്‍ കാനഡയില്‍ വൈദഗ്ധ്യം ആവശ്യമില്ലാത്ത തൊഴിലുകള്‍ ചെയ്യുകയോ ആണ് ചെയ്യേണ്ടിവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





