29
May 2023
Thu
29 May 2023 Thu

തൊടുപുഴ: ചിന്നക്കനാലിൽ നിന്നും പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കേരളാ- തമിഴ്‌നാട് അതിർത്തി വനമേഖലയിൽ തുടരുന്നു. ഇന്നലെ തമിഴ്‌നാട് വനത്തിലെ വട്ടത്തൊട്ടി വരെ സഞ്ചരിച്ചു. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അരിക്കൊമ്പന്റെ യാത്ര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്കാണ് ഇപ്പോൾ എത്തുന്നത്. മംഗളാദേവി ഉത്സവം നടക്കുന്ന ഭാഗത്തേക്കാണ് അരിക്കൊമ്പൻ നീങ്ങുന്നത്. വർഷത്തിലൊരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനം ഉള്ള ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നിരവധി തീർഥാടകർ അവിടേക്ക് എത്തും. ഇക്കാരണത്താൽ മംഗളദേവി ഉത്സവം നടക്കുന്നതിനാൽ കൂടുതൽ വനപാലകരെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇന്നലെ അരിക്കൊമ്പൻറെ ജി.പി.എസ് കോളറിൽനിന്ന് സിഗ്‌നൽ ലഭിച്ചിരുന്നില്ല. പിന്നീട് ഉച്ചയ്ക്ക് ശേഷമാണ് സിഗ്‌നൽ ലഭിച്ചത്.

ഉൾവനത്തിലായതിനാൽ കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തില്ലെന്നായിരുന്നു കണക്കുകൂട്ടൽ. വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പൻ തിരിച്ചുവരാനുള്ള സാധ്യതയില്ലേയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങുന്നത് വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുളള സാധ്യതയുളളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.