സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതിനായി സമാഹരിച്ച ദിയാ ധനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ അപവാദങ്ങള്‍ പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരേ പോലീസില്‍ പരാതി നല്‍കി റിയാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് യൂസുഫ് കാക്കഞ്ചേരി പരാതി നല്‍കിയത്. കഴിഞ്ഞ 18 വര്‍ഷം റഹീം കേസില്‍ ഇന്ത്യന്‍ എംബസി പ്രതിനിധിയായി ഇടപ്പെട്ടിരുന്ന യൂസുഫ് കാക്കഞ്ചേരി കഴിഞ്ഞമാസമാണ് ഔദ്യോഗിക കാലാവധി പൂര്‍ത്തിയായതോടെ നാട്ടില്‍ മടങ്ങിയെത്തിയത്.
|
കോഴിക്കോട്ടെ പ്രമുഖ വാഹന ഷോറൂമില്‍ നിന്ന് താന്‍ കാര്‍ വാങ്ങുന്നതിന്റെ ചിത്രം തെറ്റിദ്ധരിപ്പിക്കും വിധം കാപ്ഷനുകള്‍ കൊടുത്ത് വാട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയും ദിയാധനത്തിനായി പിരിച്ച തുകയില്‍ നിന്നാണ് ഇതെല്ലാമുണ്ടാക്കുന്നതെന്നുമുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയിലുള്ള ചില പ്രവാസികളും ഈ പ്രചാരണം ഏറ്റുപിടിച്ചിട്ടുണ്ടെന്നും ഇതിനെതിരേ തെളിവുകള്‍ സഹിതം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴി സൗദി സൈബര്‍ പോലീസിലും പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് യൂസഫ് പറഞ്ഞു. ഇന്ത്യന്‍ എംബസി ഏല്‍പിച്ച ദൗത്യം നിര്‍വഹിക്കുകയല്ലാതെ ഏതെങ്കിലും രീതിയിലുള്ള പണമിടപാട് നടത്തിയിട്ടില്ല. റഹീമിന്റെ മോചനത്തിന് നല്‍കിയ ദിയാധനവും വക്കീല്‍ ഫീസുമെല്ലാം എംബസി നേരിട്ട് ചെക്ക് വഴി നടത്തിയ ഇടപാടാണ്. ദിയാധനമായ ഒന്നര കോടി സൗദി റിയാലിന്റെ ചെക്ക് ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റും കോടതിയും മുഖേനയാണ് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയത്. ഇതിനെല്ലാം രേഖയുണ്ട്. ഇക്കാര്യങ്ങളെല്ലാം പലയാവര്‍ത്തി മാധ്യമങ്ങളിലൂടെയും അല്ലാതെയും പറഞ്ഞതാണ്.
റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പണമിടപാടുകളോ കേസ് നടപടികളോ സംബന്ധമായി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പറയാന്‍ ബന്ധപ്പെട്ട വകുപ്പുകളുണ്ട്. അതൊന്നും ഉപയോഗപ്പെടുത്താതെ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിഹത്യാ ശ്രമങ്ങളെ ലഭ്യമായ നിയമമാര്‍ഗങ്ങള്‍ ഉപയോഗിച്ച് നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വധശിക്ഷ റദ്ദ് ചെയ്‌തെങ്കിലും അബ്ദുല്‍ റഹീമിന്റെ ഇനിയും സാധ്യമായിട്ടില്ല. കേസ് പരിഗണിക്കുന്ന കോടതി നിരന്തരം ഇതു നീട്ടിവയ്ക്കുന്നതിനാലാണ് റഹീമിന്റെ മോചനം നീണ്ടുപോവുന്നത്.
ALSO READ: വധശിക്ഷ സൗദി കോടതി റദ്ദാക്കി; റഹീമിന്റെ മോചനം ഉടൻ


