23
Sep 2025
Tue
23 Sep 2025 Tue
four israeli soldiers killed

വടക്കന്‍ ഗസയില്‍ ഇസ്രായേല്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി പോരാളികള്‍. റിദ്‌വാനില്‍ ഹമാസ് സായുധവിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ടാങ്ക് ബോംബെറിഞ്ഞ് തകര്‍ത്താണ് 4 പേരെ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റാഫ്-സര്‍ജന്റ് ഉറി ലാമെഡ് (20), സര്‍ജന്റ് ഗാഡി കോട്ടല്‍(20) സര്‍ജന്റ് അമിത് ആര്യ റെഗെവ് എന്നിവരാണ് കൊല്ലപ്പെട്ടത്. നാലാമത്തെ സൈനികന്റെ പേര് പുറത്തുവിട്ടില്ല. ഒരു സൈനികന് ഗുരതര പരിക്കേറ്റു.

ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം. ഐഡിഎഫിന്റെ പോസ്റ്റിന് സമീപം പ്രതിരോധ സ്ഥാനത്താണ് ടാങ്ക് നിലയുറപ്പിച്ചിരുന്നത്. ടാങ്കിനടുത്തെത്തിയ ഹമാസ് പോരാളികള്‍ ക്രൂവിന് നേരെ വെടിയുതിര്‍ക്കുകയും ഒരു സ്‌ഫോടക വസ്തു ടാങ്കിനുള്ളിലേക്ക് എറിഞ്ഞതായും ജറുസലെം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പില്‍ നഹല്‍ ബ്രിഗേഡിലെ ഒരു സൈനികന് പരിക്കേറ്റു. ഇതോടെ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 904 ആയി.

അതേസമയം ഗസാ സിറ്റി പിടിച്ചെടുക്കാന്‍ വ്യോമാക്രമണത്തിനു പിന്നാലെ ശക്തമായ കരയുദ്ധവും ആരംഭിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. എത്രയുംവേഗം ഗസയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീനികളോട് ആവശ്യപ്പെട്ടു.

തെക്കന്‍ ഗസയിലെ മവാസിയിലേക്ക് മാറണമെന്നാണ് ഇസ്രായേല്‍ നിര്‍ദേശം. ഇവിടെയും ആക്രമണം വ്യാപകമാണ്. ഗസ സിറ്റിയില്‍ ഇന്നലെ ഒരു 12 നില കെട്ടിടം കൂടി സേന തകര്‍ത്തു. കെട്ടിടമൊഴിയാന്‍ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി 90 മിനിറ്റിനകമാണ് ബോംബറുകള്‍ നഗരത്തിലെ പ്രധാന കെട്ടിടം തകര്‍ത്തത്. ഇതോടെ, ദിവസങ്ങള്‍ക്കിടെ ഗസ സിറ്റിയില്‍ മാത്രം ഇസ്രായേല്‍ തകര്‍ത്ത കെട്ടിടങ്ങളുടെ എണ്ണം 50 ആയി.  52 പേരാണ് ഇന്നലെ മാത്രം കൊല്ലപെട്ടത്.

അതേസമയം, അധിനിവിഷ്ട ജറൂസലേമിലുണ്ടായ വെടിവെപ്പില്‍ ആറ് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും നാല്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഇസ്രായേലിനെ ഞെട്ടിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ജറൂസലേമിലെ റാമോത്ത് ജംഗ്ഷനിലായിരുന്നു വെടിവെപ്പ്. ഒരു ബസ്സിനകത്ത് കയറിയ രണ്ട് ഫലസ്തീനികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.

ആക്രമണത്തെ തുടര്‍ന്ന് ജെനിന്‍ ഉപ്പെടെ വെസ്റ്റ് ബാങ്ക് പ്രദേശങ്ങളില്‍ ഇസ്രായേല്‍ സുരക്ഷാ സേനയുടെ മേല്‍നോട്ടത്തില്‍ വ്യാപക അറസ്റ്റും മര്‍ദന നടപടികളും തുടരുകയാണ്.