കൊച്ചി: കളമശ്ശേരി കുസാറ്റ് കാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും നാലു വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്.കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞ മൂന്നുപേർ. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അപകടം. 40ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കളമശ്ശേരി മെഡി. കോളജാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ രണ്ട് സ്വകാര്യ ആശുപത്രകളിലേക്ക് മാറ്റി. പരിക്കേറ്റ ഒരു പെൺകുട്ടിയുടെ തലയിൽ ഗുരുതര മുറിവേറ്റതായി മന്ത്രി വ്യക്തമാക്കി.
|
തുറന്ന ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയിൽ ആയിരത്തിലേറെ വിദ്യാർഥികളാണ് പങ്കെടുത്തത്. രാത്രി ഏഴിനായിരുന്നു ഗാനമേളയാരംഭിച്ചത്. അധികം വൈകുന്നതിനു മുമ്പ് തിക്കും തിരക്കും ഉണ്ടാവുകയും കുട്ടികൾ നിലത്തു വീഴുകയും തിരക്കിൽപ്പെട്ടു മരിക്കുകയുമായിരുന്നു.
മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിനു പുറത്തുനിന്നവരും അകത്തേക്കു കയറിയതാണ് പെട്ടെന്നുള്ള തിക്കും തിരക്കിനും കാരണമായതെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് ടെക് ഫെസ്റ്റ് ആരംഭിച്ചത്. കൂടുതൽ വിവരങ്ങള് പുറത്തുവരുന്നതേയുള്ളൂ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





