25
Jun 2024
Sat
25 Jun 2024 Sat
four year hounors ug

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിമുടി മാറ്റങ്ങളുമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. (Four year UG program starts in Kerala on July 1) നാലുവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവമായി’ സംസ്ഥാനത്തെ ക്യാംപസുകള്‍ ആഘോഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ശേഷി വളര്‍ത്തലും ഗവേഷണപ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലര്‍ത്തുന്ന ഈ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. ഏകീകൃത അക്കാദമിക് കലണ്ടര്‍ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്.

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ ഉച്ചക്ക് 12ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ജൂലൈ ഒന്നിന് സംസ്ഥാനത്തെ കാമ്പസുകളില്‍ നവാഗത വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വരവേല്‍ക്കും. തുടര്‍ന്ന് നാലുവര്‍ഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസും ഉണ്ടാവും. സംസ്ഥാനതല ഉദ്ഘാടനപരിപാടി എല്ലാ ക്യാമ്പസുകളിലും ലൈവ് സ്ട്രീം ചെയ്യും. തുടര്‍ന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

യുജിസി മുന്നോട്ടുവെച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്തുകൊണ്ടും, കേരളത്തിന്റെ പ്രയോഗിക ബദലുകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടുമാണ് കരിക്കുലം ചട്ടക്കൂട് ഡോ. സുരേഷ് ദാസ് നേതൃത്വം നല്‍കിയ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. അറിവ് നേടുന്നതിനൊപ്പം, അറിവ് ഉല്‍പാദിപ്പിക്കുന്നതിനും പ്രായോഗികമായ അറിവുകള്‍ ആര്‍ജ്ജിക്കുന്നതിനും സംരംഭകത്വ താല്‍പര്യങ്ങള്‍ ജനിപ്പിക്കുന്നതിനും സഹായിക്കുന്ന വിധത്തിലാണ് പാഠ്യപദ്ധതിയുടെ ചട്ടക്കൂട്.

സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനും താല്‍പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് ഓണേഴ്‌സ് ബിരുദം നേടാനും റിസര്‍ച്ച് താല്‍പര്യം ഉള്ളവര്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് ബിരുദ പ്രോഗ്രാമിന്റെ ഘടന.

വിദേശ രാജ്യങ്ങളിലേതുപോലെ പൂര്‍ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാര്‍ഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ചു സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനാവു. പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ക്ക് സഹായകരമാവും വിധം വിഷയ കോമ്പിനേഷന്‍ തിരഞ്ഞെടുത്തു സ്വന്തം ബിരുദഘടന രൂപകല്‍പന ചെയ്യാനും കഴിയുന്ന തരത്തിലാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. അതുവഴി നേടുന്ന ക്രെഡിറ്റുകള്‍ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാന്‍ഫര്‍ സംവിധാനങ്ങളായ യൂറോപ്യന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റവുമായും (ഇസിടിഎസ്) അമേരിക്കന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനവുമായും കൈമാറ്റം ചെയ്യാനാവും.

നാലുവര്‍ഷ ബിരുദ പഠനത്തിന് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്‌സുകളും കരിയര്‍ പ്ലാനിംഗും നടത്താന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കേന്ദ്രങ്ങള്‍ (സിഎസ്ഡിസിസിപി) ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാന്‍ഡ് ബുക്ക് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.