25
Dec 2023
Thu
25 Dec 2023 Thu

​കുടുംബത്തിനൊപ്പം ​ഗോവയിൽ വിനോദസഞ്ചാരത്തിനെത്തുകയും ഓർമക്കുറവ് മൂലം വഴിതെറ്റി കേരളത്തിലെത്തപ്പെടുകയും ചെയ്ത ഫ്രഞ്ച് വയോധികൻ കേരളത്തിന്റെ ആതിഥ്യമര്യാദകൾ നുകർന്ന് ​ആ​ഗ്ര​ഹം പോലെ ​ഗോകർണത്തേക്ക് യാത്രയായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞ ഫ്രഞ്ച് പൗരൻ ചൗറ്ഗ് ഐസ്സിയ ആണ് ഡിടിപിസി എടുത്ത് നൽകിയ ടിക്കറ്റുമായി ഗരീബ് രഥ് ട്രെയിനിൽ ഗോകർണത്തേക്ക് യാത്ര തിരിച്ചത്. ചൗറ്ഗ് ഐസ്സിയയെ കുറിച്ച് മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് വിഷയത്തിൽ ഇടപെട്ട് വേണ്ട കാര്യങ്ങൾ ചെയ്തുനൽകിയത്. ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാറിനെയും ഡിടിപിസി സെക്രട്ടറി നിഖിൽ ദാസിനെയുമാണ് മന്ത്രി ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. തുടർന്ന് ടൂറിസം വകുപ്പ് അദ്ദേഹത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഡിടിപിസിയാണ് ആശുപത്രി ചെലവും മറ്റും വഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തനിക്ക് തിരികെ പോകാൻ സൗകര്യമൊരുക്കി തന്ന സർക്കാരിനും ടൂറിസം വകുപ്പിനും ഡിടിപിസിക്കും പ്രത്യേകം നന്ദി അറിയിച്ചാണ് ഐസ്സിയ യാത്ര തിരിച്ചത്. ചൗറ്​ഗ് ഐസ്സിയ അവശനിലയിൽ ആയിരുന്നു കോഴിക്കോട്ടെത്തിയിരുന്നത്. ഇദ്ദേഹത്തെ ആരോ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഗോകർണത്തുപോയി ധ്യാനിക്കണമെന്നതാണ് ആഗ്രഹമെന്ന് അദ്ദേഹം തന്നെ കാണാനെത്തിയ ടൂറിസം അധികൃതരെ അറിയിച്ചിരുന്നു. അങ്ങനെയാണ് ഗോകർണത്തേക്ക് ടിക്കറ്റ് എടുത്ത് നൽകിയത്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ്, പ്രൊജക്ട് എഞ്ചിനീയർ ലിനീഷ് തോമസ്, ടൂറിസം ഇൻഫർമേഷൻ ഓഫിസർ ജിജി എ ജി, ഡിടിപിസി മാനേജർ അശ്വിൻ എന്നിവർ ചേർന്നാണ് ചൗറ്ഗ് ഐസ്സിയയെ റെയിൽവേ സ്റ്റേഷനിൽ നിന്നു യാത്രയാക്കിയത്. ഉദ്യോ​ഗസ്ഥർക്കൊപ്പം നിമിഷം സെൽഫിയായി പകർത്തിയായിരുന്നു ചൗറ്​ഗ് ഐസ്സിയ യാത്രതിരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക