ദോഹ: ഗസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെന്ന് ഖത്തര്‍. (Gaza ceasefire will soon become a reality; Qatar says talks in final stages) പ്രധാനമന്ത്രിയുടെ ഉപദേശകനും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി.യാണ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ന് ദോഹയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
|
ഈ യുദ്ധം വളരെക്കാലം മുമ്പേ അവസാനിക്കേണ്ടതായിരുന്നു. ഗസയിലെ ജനങ്ങള്‍ക്കും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാവുന്ന യുദ്ധത്തിന് നല്‍കേണ്ടിവരുന്ന വില വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തീര്‍ച്ചയായും ഉടന്‍ തന്നെ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അന്തിമ പ്രഖ്യാപനം വരുന്നത് വരെ അമിതാവേശം കാണിക്കാന്‍ ഞങ്ങള്‍ തയാറാകുന്നില്ല,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടരുന്ന ഗസാ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച ദോഹയില്‍ നടന്ന അവസാന ഘട്ട ചര്‍ച്ചയില്‍ കരാറിന്റെ അന്തിമരൂപം ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസിനും ഇസ്രായേലിനും കൈമാറിയിട്ടുണ്ട്. ഇരു കക്ഷികളും കരാറിലെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ കരാര്‍ പ്രാബല്യത്തില്‍ വരൂ.


