ജറുസലേം: ഇസ്രായേല്‍ സൈന്യത്തിന്റെ ഞെട്ടിക്കുന്ന വംശീയ വിരോധത്തിനും ക്രൂരതയ്ക്കും മറ്റൊരു ഇര കൂടി. (Gaza: Palestinian with Down syndrome ‘left to die’ by Israeli soldiers after combat dog attack) കിഴക്കന്‍ ഗസ സിറ്റിയിലെ ഷുജയ്യ ഗ്രാമത്തിലുള്ള മുഹമ്മദ് എന്ന യുവാവാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച യുവാവിനെ നേരെ നായയെ അഴിച്ചുവിട്ടു കൊല്ലുകയായിരുന്നു സൈന്യം.
|
ഇസ്രായേല്‍ സൈന്യത്തിന്റെ ശക്തമായ ബോംബിങിനെ തുടര്‍ന്ന് വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു കുടുംബം. ആ സമയത്താണ് സൈന്യം ഇരച്ചെത്തിയത. വീട്ടിലേക്ക് നായയുമായെത്തിയ സൈന്യം ആദ്യം വീട്ടുകാരെ മാറ്റിയതിന് ശേഷം യുവാവിന് നേര്‍ക്ക് നായയെ അഴിച്ച് വിടുകയായിരുന്നുവെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ആദ്യം നായ്ക്കളെ അയച്ചു, അത് മുഹമ്മദിനെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു. പിന്നീട് മുഹമ്മദിനെ മുറിയിലേക്ക് കൊണ്ടുപോയ സൈന്യം ബാക്കിയുള്ളവരെ മുഴുവന്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു- മുഹമ്മദിന്റെ ഉമ്മ നബീല അഹ്‌മദ് ബാര്‍ പറഞ്ഞു.
പുറത്ത് നിന്ന് ഞങ്ങള്‍ക്ക് അവന്റെ നിലവിളികള്‍ കേള്‍ക്കാമായിരുന്നു. അങ്ങോട്ട് പോകാതിരിക്കാന്‍ പട്ടാളക്കാര്‍ ഞങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. നിഷ്‌കളങ്കനായ അവനെ എന്തിനാണ് അവര്‍ ഇത്ര ക്രൂരമായി ഉപദ്രവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മുഹമ്മദിനെ ഞങ്ങളുടെ കൂടെ വിടാന്‍ പറഞ്ഞെങ്കിലും അവനെ ഞങ്ങള്‍ ചികില്‍സിച്ചോളാമെന്ന് പറഞ്ഞ് സൈന്യം തടഞ്ഞുവയ്ക്കുകയായിരുന്നു.
അവന്‍ ഒരുവയസുള്ള കുഞ്ഞിനെ പോലെയാണ്. അവന്റെ ഡയപ്പര്‍ മാറ്റുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാന്‍ ആണ്. അവന്‍ ഒന്നും സംസാരിക്കാത്ത കുഞ്ഞാണ്. നായയെ കണ്ടപ്പോള്‍ എന്തൊക്കെയോ ഒച്ച വെച്ച് ഉറക്കെ കരയുന്നുണ്ടായിരുന്നു,’ – മുഹമ്മദിന്റെ ഉമ്മ വിതുമ്പിക്കൊണ്ട് പറഞ്ഞു.

മുഹമ്മദിനെ പൂട്ടിയിട്ട മുറിയില്‍ രക്തം കട്ടപിടിച്ച നിലയില്‍
ഏഴ് ദിവസം കഴിഞ്ഞ് പട്ടാളം പിന്‍വാങ്ങിയതിന് ശേഷം ബുധനാഴ്ചയാണ് കുടുംബം അപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങിയത്. അപ്പോഴേക്കും മുഹമ്മദിന്റെ മൃതദേഹം മുഖത്ത് പുഴുക്കള്‍ തിന്ന് അഴുകിയ നിലയിലായിരുന്നു.
‘അതിനിടെ ഓരോ ദിവസവും സഹായത്തിനായി സൈന്യത്തെയും റെഡ്‌ക്രോസിനെയും സമീപിച്ചു. പക്ഷെ ഇസ്രായേല്‍ സൈന്യം ഒന്നിനും അനുവദിക്കുന്നില്ലെന്നാണ് റെഡ് ക്രോസ് പറഞ്ഞത്. ഒടുക്കം ഏഴ് നാള്‍ കഴിഞ്ഞ് അവിടെയെത്തിയപ്പോള്‍, ആ മുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അവന്റെ ശരീരം അഴുകിയ നിലയിലായിരുന്നു.
ശരീരത്തിന്റെ അവസ്ഥ നോക്കുമ്പോള്‍ അവന്‍ ദിവസങ്ങള്‍ക്ക് മുമ്പാകും മരിച്ചിട്ടുണ്ടാവുക,’- മുഹമ്മദിന്റെ ജ്യേഷ്ഠന്‍ ജെബ്രിലാല്‍ പറഞ്ഞു.


