21
Jan 2024
Mon
21 Jan 2024 Mon

ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായിരുന്നു ബോവര്‍. രണ്ട് തവണ ബാലന്‍ഡിയോര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.
1974ലാണ് കളിക്കാരനായി ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ ലോകകപ്പ് നേടിയത്. ശേഷം 1990ല്‍ ബോവര്‍ പരിശീലകനായിരിക്കുമ്പോഴും ലോകകപ്പ് സ്വന്തമാക്കാന്‍ ജര്‍മന്‍ ഫുട്ബോള്‍ ടീമിന് കഴിഞ്ഞു. ജര്‍മന്‍ ഫുട്‌ബോളിന്റെ ഐക്കണായ ബോവര്‍ ഡെര്‍ കൈസര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2006 ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ 2017 ല്‍ ബെക്കന്‍ബോവര്‍ ആരോപണങ്ങളുടെ നിഴലില്‍ വന്നതോടെ ബോവറുടെ പോസ്റ്റ്-പ്ലേയിംഗ് ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു. ഈ കേസില്‍ 2020ല്‍ ബോവറിനെതിരായ വിചാരണ അവസാനിക്കുകയായിരുന്നു.

1970കളുടെ മധ്യത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം യൂറോപ്യന്‍ കപ്പ് ഹാട്രിക്ക് ഉള്‍പ്പെടെ നിരവധി ബഹുമതികളും അദ്ദേഹം നേടി. ഡെര്‍ കൈസര്‍ (ചക്രവര്‍ത്തി) എന്നറിയപ്പെട്ടിരുന്ന ബെക്കന്‍ബോവറാണ് ആധുനിക ഫുട്‌ബോളിലെ സ്വീപ്പര്‍ (ലിബറോ) എന്ന പൊസിഷന്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും ബാലണ്‍ദ്യോറും നേടിയ ലോകത്തെ ചുരുക്കം താരങ്ങളില്‍ ഒരാളാണ്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകപ്പ് കിരീടം നേടിയ ലോകത്തെ മൂന്ന് പേരില്‍ ഒരാളായിരുന്നു ബെക്കന്‍ബോവര്‍. ബ്രസീലിന്റെ മാരിയോ സഗല്ലോ, ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സ് എന്നിവരാണ് മറ്റുള്ളവര്‍.

രണ്ടു തവണ യൂറോപ്യന്‍ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിക്കായി മൂന്ന് ലോകകപ്പുകളിലും രണ്ട് യൂറോ കപ്പിലും കളിച്ചു. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും ഇദ്ദേഹത്തിന്റെ പേരില്‍ തന്നെ. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയ താരം കൂടിയാണ് അദ്ദേഹം. 1974, 1975, 1976 വര്‍ഷങ്ങളില്‍ ബയേണിനൊപ്പം തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തിട്ടു. പിന്നീട് ബയേണിന്റെ പരിശീലകനായും പ്രസിഡന്റായും സേവനമനുഷ്ടിച്ചു.