24
Jul 2024
Sat
24 Jul 2024 Sat

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടെ കുടം കണ്ടെത്തി; ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, ഉള്ളിൽ നിറയെ സ്വർണാഭരണങ്ങളും വെള്ളിനാണയങ്ങളും.. ഞെട്ടൽ മാറാതെ തൊഴിലാളികൾ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂർ: കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടെ തൊഴിലാളികൾ കുടം കണ്ടെത്തി. ആദ്യം ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു. എന്നാല് പിന്നീട് കുടത്തിനുള്ളിൽ നിറയെ സ്വർണാഭരണങ്ങളും വെള്ളിനാണയങ്ങളും കണ്ടെത്തിയതോടെ ഞെട്ടൽ മാറാതെ തൊഴിലാളികൾ.

കണ്ണൂർ ചെങ്ങളായിയിലാണ് സംഭവം. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മഴക്കുഴി എടുക്കുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ. ഇതിനിടയിലാണ് ഒരു പാത്രം ലഭിച്ചത്. എന്നാൽ അടുത്തിടെ ഇത്തരത്തിൽ ലഭിച്ച പാത്രം തുറന്ന് ബോംബ് പൊട്ടിയ സംഭവം ഓർമ്മയിലുള്ളതിനാൽ ഇവർ ഇത് ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാൽ ഏറിൽ കുടം പൊട്ടിയപ്പോഴാണ് ഉള്ളിലുള്ള വസ്തുക്കൾ പുറത്തേക്ക് എത്തിയത്. ഇതിലാണ് സ്വർണമെന്ന് തോന്നിക്കുന്ന പതക്കങ്ങളും ആഭരണങ്ങളും വെള്ളിനാണയങ്ങളും എല്ലാം ഉണ്ടായിരുന്നത്.

17 മുത്തുമണികൾ,13 സ്വർണ പതക്കങ്ങൾ, അഞ്ച് മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, കാശി മാലയുടെ ഭാഗമായ നാല് പതക്കങ്ങൾ,  വെള്ളിനാണയങ്ങൾ എന്നിവയാണ് ഉള്ളിൽ ഉണ്ടായിരുന്നത്.

18 പേരടങ്ങിയ തൊഴിലുറപ്പ് തൊഴിലാളികൾ ഉടൻ സംഭവം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.

പഞ്ചായത്ത് പിന്നീട് പൊലിസിനെ അറിയിക്കുകയും പൊലിസ് വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വസ്തുക്കൾ യഥാർഥ സ്വർണമാണോ അതോ സ്വർണം പൂശിയതാണോ എന്നും സംശയമുണ്ട്. കോടതി പുരാവസ്തു വകുപ്പിന് കൈമാറിയ വസ്തുക്കൾ പരിശോധിച്ച് വരികയാണ്.