22
Jan 2023
Mon
22 Jan 2023 Mon

നേതാക്കളുടെ കൂട്ട അറസ്റ്റിൽ പ്രതിഷേധിച്ച് 2022 സപ്തംബർ 23ന് പോപുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലിനിടെയുണ്ടായ അക്രമങ്ങളിലുണ്ടായ പൊതുമുതൽ നഷ്ടം ഈടാക്കാൻ ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ നടപടി തുടങ്ങി. ഇതിൻറെ ഭാഗമായി 3785 പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുവിവരം ശേഖരിക്കാൻ ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സബ് രജിസ്ട്രാർ ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവ വഴിയാണ് സ്വത്ത് വിവരം ശേഖരിക്കുന്നത്. അക്രമക്കേസിൽ പ്രതികളായ 3785 പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലും എത്തിച്ചിട്ടുണ്ട്. സ്വത്ത് വിവരം ശേഖരിക്കുന്നതിൻറെ ഭാഗമായി പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്ട്രാർക്കു കൈമാറാൻ നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ജില്ലാ രജിസ്ട്രാർ ഇതു രജിസ്ട്രേഷൻ ഐജിക്കു കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസർമാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപോർട്ട് നൽകാനാണ് നിർദേശം. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികൾ ആരംഭിക്കും.

പോപുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമങ്ങളിൽ 5.2 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഒരു മാസത്തിനകം റവന്യു റിക്കവറി നടപടികൾ പൂർത്തിയാക്കുമെന്നു സർക്കാർ ഡിസംബർ 23ന് കോടതിയെ അറിയിക്കുകയും ചെയ്തു. ഹർത്താലിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്താണ് നഷ്ടം ഈടാക്കാൻ സർക്കാരിന് നിർദേശം നൽകിയത്.