തൃശൂര്‍ പൂരം കലക്കിയതിന് പിന്നിലെ പോലീസ്- ആര്‍സ്എസ് ആസുത്രണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. (Government order enquiry in ADGP-RSS meeting) ഇതേ തുടര്‍ന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആന്വേഷണം പ്രഖ്യാപിച്ചു. ഡിജിപിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷത്തിന് പുറമെ മുന്നണിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
|
പോലീസിന്റെ തെറ്റായ ഇടപെടലിനെ തുടര്‍ന്ന് പൂരം അലങ്കോലമായതിനെ തൊട്ടുപിന്നാലെ നടന്‍ സുരേഷ് ഗോപി സംഭവ സ്ഥലത്തെത്തിയത് ആര്‍എസ്എസ് ബന്ധമുള്ള ആംബുലന്‍സില്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഒരു പ്രമുഖ മലയാളം ചാനല്‍ പുറത്തുവിട്ടു. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വരാഹി അനലിറ്റിക്‌സിന്റെ ആംബുലന്‍സിലാണ് സുരേഷ് അര്‍ധ രാത്രി എത്തിയത്. വരാഹി കോഡിനേറ്റര്‍ അഭിജിത് നായറാണ് സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നത്.
മുന്‍കൂട്ടിയുള്ള ആസൂത്രണം ഇല്ലെങ്കില്‍ ആ സമയത്ത് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായായ സുരേഷ് ഗോപി ഇത്ര കൃത്യമായി എങ്ങിനെ സ്ഥലത്തെത്തി എന്ന ചോദ്യമാണ് ഉയരുന്നത്. സുരേഷ് ഗോപി എത്തിയതിന് പിന്നാലെയാണ് വിഷയം വലിയ വിവാദമാക്കുകയും ബിജെപി തിരഞ്ഞെടുപ്പില്‍ ഇത് മുതലെടുക്കുകയും ചെയ്തത്.
എഡിജിപിയും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പൂരം കലക്കലുമായി ബന്ധമുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ അന്വേഷിക്കും. എഡിജിപി എംആര്‍ അജിത് കുമാര്‍ രണ്ട് പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തിയത്. എം വിന്‍സെന്റ് നല്‍കിയ പരാതിയും സര്‍ക്കാര്‍ ഡിജിപിക്ക് കൈമാറി.
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സിപിഐ, എന്‍സിപി, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്നായിരുന്നു വിശദീകരണം.
ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എം ആര്‍ അജിത്കുമാര്‍ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവിനെയും കണ്ടുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. തിരുവനന്തപുരം കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാര്‍ സജീവമായിരുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.


