|
ന്യൂഡൽഹി: ഗവർണർപദവിയിലിരുന്ന സംസ്ഥാന സർക്കാരിനും കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രനുമെതിരേ കടുത്ത വിമർശനം തുടർന്ന് ആരിഫ് മുഹമ്മദ് ഖാൻ. വി.സി സ്ഥാനം ഗോപിനാഥിന് പാരിതോഷികം കിട്ടിയതാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് നിയമനമെന്നും ഗവർണർ ആരോപിച്ചു
തനിക്കെതിരായ കൈയേറ്റ ശ്രമത്തിന്റെ ഗൂഡാലോചനയിൽ വി.സിയും ഭാഗമാണെന്ന് ഗവർണർ ആവർത്തിച്ചു. അദ്ദേഹമാണെന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്നാൽ തനിക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടായപ്പോൾ അദ്ദേഹം പൊലീസിനെ വിളിച്ചില്ല. അതിനർഥമെന്താണ്. അതിൽ അദ്ദേഹത്തിനും പങ്കുണ്ട്. അതുകൊണ്ടാണ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തനിക്കെതിരായ ആക്രമണത്തെ കുറിച്ച് റിപ്പോർട്ട് നൽകാത്തത്.
ഞാൻ നടപടി ആവശ്യപ്പെട്ടില്ല. എന്നാൽ ഭരണഘടന പ്രകാരം സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് നോക്കുകയായിരുന്നു. സർക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
എല്ലാം വീഡിയോ കണ്ടാൽ മനസിലാവും. റിപ്പോർട്ട് നൽകാൻ താൻ രണ്ടു തവണ വിസിയോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അതിന് തയാറായില്ല. താനൊരു സെക്യൂരിറ്റി എക്സ്പേർട്ട് അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പൊലീസിനെ വിളിക്കാൻ സെക്യൂരിറ്റി എക്സ്പേർട്ട് ആകേണ്ട ആവശ്യമില്ലെന്നും ഗവർണർ പറഞ്ഞു.
വ്യാപകമായ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതാണ് ചാൻസലറുടെ അധികാരം കുറയ്ക്കാനുള്ള സർക്കാരിന്റെ പുതിയ നീക്കമെന്നും ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമിക്കുന്നത് എന്തിനാണ്? സെലക്ഷൻ കമ്മറ്റിയിൽ മാറ്റം വരുത്തുന്നത്, എല്ലാ ബന്ധുക്കളേയും സർവകലാശാലകളിൽ നിയമിക്കാനാണ്. അതാണ് സർക്കാരിന്റെ ഉദ്ദേശം. എന്നാൽ ഇക്കാര്യത്തിൽ ബില്ല് തന്റെ പരിഗണനയ്ക്ക് വരുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങൾ തകർന്നാൽ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
governor arif mohammed khan attack pinarayi govt



