24
Jul 2025
Sat
24 Jul 2025 Sat
Govindachami jail escape plan

(Govindachami jail escape plan) സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ ആസൂത്രണം സിനിമാ കഥകളെ വെല്ലുന്നത്. അതീവ സുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കില്‍ ആരുടെയും കണ്ണില്‍ പെടാതെ ഇത് എങ്ങിനെ ഒപ്പിച്ചു എന്ന് ആരും അമ്പരപ്പിക്കുന്ന നീക്കങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017 മുതല്‍ തുടങ്ങിയതാണ് ജയില്‍ ചാടാനുള്ള ആലോചന. പലതവണ സെല്ലുകള്‍ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു.

10 മാസം മുന്‍പാണ് ഇപ്പോഴുള്ള സെല്ലിലെ അഴി മുറിച്ചുതുടങ്ങിയത്. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോള്‍ തുണി കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളില്‍ കമ്പി മുറിക്കും. പകല്‍ കിടന്നുറങ്ങും.

സെല്ലിന്റെ അഴികള്‍ അറുക്കാന്‍ സമയെടുത്ത് സാമഗ്രികള്‍ ശേഖരിച്ചു. ഏഴ് അഴികൾ അതിവിദഗ്ധമായി അറുത്തുമാറ്റി. ഇതിന് മുന്നോടിയായി സെല്ലില്‍ എലി കയറുന്നുവെന്ന് പറഞ്ഞ് അഴിക്കിടയില്‍ തുണിതിരുകാന്‍ അനുമതി വാങ്ങി. മുറിക്കുന്ന അഴി മറയ്ക്കാന്‍ തിരുകിയ തുണി ഉപയോഗിച്ചു എന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാല്‍ കമ്പി മുറിക്കാന്‍ തുടങ്ങും. ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാന്‍ ഉപയോഗിച്ചത്.

കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ തുണി ചേര്‍ത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴി.

സഹതടവുകാര്‍ക്ക് അറിയാമായിരുന്നു

ജയിലിലെ മറ്റ് അഞ്ച് തടവുകാര്‍ക്ക് കൂടി ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന വിവരം അറിയാമായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ജയില്‍ ചാടും എന്ന കാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഗോവിന്ദച്ചാമി വിശദീകരിച്ചത്.

ALSO READ: യുട്യൂബ് വീഡിയോ കണ്ട് ഭക്ഷണമൊഴിവാക്കി മൂന്നുമാസം ജ്യൂസ് മാത്രം കുടിച്ച 17കാരന്‍ കുഴഞ്ഞുവീണു മരിച്ചു

മറ്റ് തടവുകാര്‍ ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിയെ പ്രോത്സാഹിപ്പിച്ചു. ജയില്‍ ചാടിയാല്‍ ശിക്ഷ വെറും ആറുമാസം എന്ന് ആരോ പറഞ്ഞു കൊടുത്തുവെന്നും ഗോവിന്ദച്ചാമി ഉദ്യോഗസ്ഥരോട് പറഞ്ഞു.

മതില്‍ ചാടിക്കടക്കാന്‍ മൂന്ന് മണിക്കൂര്‍

സെല്ലിൽ നിന്ന് പുറത്തു കടന്നത് പുലർച്ചെ ഒരു മണിക്ക് ശേഷമാണ്. മതിൽ ചാടിക്കടക്കാൻ മൂന്നു മണിക്കൂർ സമയമെടുത്തു. പത്താം ബ്ലോക്കിന്റെ മതില്‍ ചാടിയശേഷം പുറത്തേക്കുള്ള മതിലെന്ന് കരുതി ക്വാറന്റീന്‍ ബ്ലോക്കിന്റെ മതിലാണ് ചാടിയത്. ഇങ്ങനെ രണ്ടുവട്ടം മതില്‍ ചാടികടന്നാണ് ഗോവിന്ദചാമി പുറത്തെത്തിയത്. ക്വാറന്റീന്‍ ബ്ലോക്കില്‍നിന്നാണ് പുതപ്പ് എടുത്തത്. തടവുകാരുടെ വസ്ത്രംകൂട്ടിക്കെട്ടി വലിഞ്ഞു കയറിയാണ് പുറത്തുകടന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ജയില്‍മോചിതരായവരുടെ തുണികള്‍ ശേഖരിച്ച് വടമുണ്ടാക്കി. ഫെന്‍സിങ്ങിന്റെ തൂണില്‍ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളില്‍ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്.

സ്വന്തമായി നിര്‍മിച്ച ഹാക്‌സോ ബ്ലേഡ്‌

GOVINDA CHAMI

കയ്യിൽ കരുതിയിരുന്ന ഒരു അരം ഉപയോഗിച്ച് ഇരുമ്പു തകിടിൽ സ്വയം നിർമിച്ച പല്ലുകളുള്ള ബ്ലേഡാണ് അഴികൾ മുറിക്കാൻ ഉപയോഗിച്ചതെന്നാണു ഗോവിന്ദച്ചാമി മൊഴി നൽകിയിരിക്കുന്നത്. 3 മാസത്തോളം സമയമെടുത്ത് അഴി മുറിച്ചുതീർന്ന വ്യാഴാഴ്ച രാത്രി തന്നെ പുറത്തുകടന്നു. മതിൽ ചാടുമ്പോൾ വസ്ത്രങ്ങൾ ഇരുമ്പുകമ്പിയിൽ ചുറ്റി വൈദ്യുതി വേലിയിൽ പലവട്ടം തൊട്ട് വൈദ്യുതിപ്രവാഹമില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.

ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചില്ല

ഗോവിന്ദചാമിക്ക് എളുപ്പത്തില്‍ ജയില്‍ചാടാന്‍ സഹായകമായത് ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിക്കാത്തതാണ്. മതിലിന് മുകളിലുള്ള കെൽട്രോൺ സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിങ് ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. ഫെൻസിങ് വെച്ച ഉടനെ തന്നെ കേടായെങ്കിലും പിന്നീട് നന്നാക്കാൻ നടപടി ഉണ്ടായില്ല.

തുണികൾ കൂട്ടിക്കെട്ടിയ വടത്തിലൂടെ താഴേക്കിറങ്ങുന്നതിന് രണ്ടും കാലും ഒരു കയ്യും ഉപയോഗിച്ചതിനു പുറമേ വായ കൊണ്ടു വടത്തിൽ കടിക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ പ്ലാന്‍

റെയിൽവേ സ്റ്റേഷനിലേക്കു പോയി തമിഴ്നാട്ടിലേക്കു കടക്കാനാണു പദ്ധതിയിട്ടിരുന്നത്. ഒരു ഓട്ടോ ഡ്രൈവറോടു റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. അയാൾ കാട്ടിയ വഴിയേ അൽപം നടന്നപ്പോൾ വഴിതെറ്റി. ഓട്ടോറിക്ഷ പിടിക്കാൻ കയ്യിൽ പണമുണ്ടായിരുന്നില്ല. ഒരു മുക്കാൽ മണിക്കൂർ നടന്നാൽ റെയിൽവേ സ്റ്റേഷനിലെത്താമായിരുന്നെങ്കിലും വഴിതെറ്റിയതു കാരണം സമയം പോയി. പിന്നീട് ഒരു ചായക്കടക്കാരനോടു വഴിചോദിച്ച് റെയിൽവേ സ്റ്റേഷനിലേക്കു നടക്കുമ്പോൾ നേരം വെളുത്തു. ഇടയ്ക്ക് ഒരു ബൈക്ക് യാത്രക്കാരനോടും വഴി ചോദിച്ചു. അയാൾക്കു തോന്നിയ സംശയത്തിൽനിന്നാണ് ഗോവിന്ദച്ചാമി പിടിയിലാകുന്നത്.

govindachami in well

ഇയാളെ ഇന്ന് രാവിലെ പത്തുമണിയോടെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഗോവിന്ദചാമി ജയില്‍ചാടാനുള്ള പ്രധാന കാരണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ ഗുരുതര സുരക്ഷാവീഴ്ച്ചയെന്ന് ജയിൽ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. രാത്രി 12ന് ശേഷം പരിശോധന നടന്നില്ലെന്നാണ് കണ്ടെത്തൽ. സി.സി.ടി.വി രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ദൃശ്യങ്ങള്‍ നിരീക്ഷിച്ചില്ല. സെല്ലിലെ ലൈറ്റുകൾ രാത്രി പ്രവർത്തിച്ചില്ലെന്നും റിപ്പോര്‍ട്ടിണ്ട്. ജയിലിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്കും ശുപാർശയുണ്ട്.

കേരളത്തിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. 7828 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണുള്ളിടത്ത് നിലവില്‍ വിവിധ ജയിലുകളിലായി 10375 തടവുകാരാണുള്ളത്. 727 പേരെ പാര്‍പ്പിക്കാനാകുന്ന പൂജപ്പുരയില്‍ നിലവില്‍ 1589 പേരാണ് കഴിയുന്നത്. 948 പേരെ പാര്‍പ്പിക്കാവുന്ന കണ്ണൂരില്‍ 1113 തടവുകാരുമുണ്ട്. വിയ്യൂരില്‍ ശേഷിയേക്കാള്‍ 600 പേരും തവനൂരില്‍ 160പേരും അധികമാണ്.

രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോസ്ഥർക്ക് മാത്രമാണ് വീഴ്ചയെന്ന് പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥ ക്ഷാമവും അക്കമിട്ട് നിരത്തുന്നുണ്ട്. ആകെ 212 ജീവനക്കാരുള്ള കണ്ണൂർ സെൻടൽ ജയിലിൽ 21 തസ്തിക ഒഴിവാണ്. കൂടാതെ 22 പേരെ പരിശീലനത്തിനും വിട്ടിരിക്കുന്നു. ഈ പരിമിതിയും വീഴ്ചക്ക് കാരണമെന്ന് ജയിൽ ഡിഐജി വി.ജയകുമാറിന്‍റെ റിപ്പോർട്ടിലുണ്ട്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്.

English Summary:
Govindachamy Jailbreak: Govindachamy, after escaping from Kannur Central Jail, contemplated returning but proceeded after remembering the light sentence for jailbreaks. He aimed to reach Tamil Nadu but got lost, leading to his eventual capture.