തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം കത്തിക്കാന്‍ സംഘപരിവാരവും തീവ്ര ക്രിസ്ത്യന്‍ സംഘടനകളും ശ്രമം ശക്തമാക്കിയിരിക്കേ പരിഹാര ശ്രമങ്ങളുമായി സര്‍ക്കാര്‍ ഇടപെടുന്നു.(Govt intervenes in Munambam Waqf land issue; Chief Minister called a high-level meeting)
|
പ്രശ്‌ന പരിഹാരത്തിനുള്ള വഴികള്‍ ആലോചിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. ഉപതെരെഞ്ഞെടുപ്പിന് ശേഷം 16 നാണ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ യോഗം വിളിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാനും വഖഫ് ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുക്കും. നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലാകും ചര്‍ച്ച.
ALSO READ: കാനഡയിലെ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാനികളുടെ ആക്രമണം; കടുത്ത നടപടി എടുക്കുമെന്ന് ട്രൂഡോ
കോടതിയില്‍ നിലവിലുള്ള കേസുകളുടെ സ്ഥിതി യോഗത്തില്‍ ചര്‍ച്ചയാവും. അതേസമയം, പ്രശ്‌നപരിഹാരത്തിന് സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.
മുനമ്പത്ത് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത് 2008ല്‍ സര്‍ക്കാര്‍ നിയോഗിച്ച എം എ നിസാര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ്. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റെതാണെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. തുടര്‍ന്ന് വഖഫ് ബോര്‍ഡിന്റെ ആസ്തി പട്ടികയില്‍ ഭൂമി എഴുതിചേര്‍ക്കുകയും ചെയ്തിരുന്നു.
അതേ സമയം, 1975 ല്‍ കേരള ഹൈക്കോടതിയുടെ വിധിയില്‍ ഫറൂഖ് കോളേജിന് സമ്മാനമായി ലഭിച്ചതാണ് ഈ ഭൂമിയെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മറുഭാഗത്തിന്റെ വാദം. ഈ വസ്തുതകള്‍ നിസാര്‍ കമ്മറ്റി പരിഗണിച്ചിട്ടില്ലെന്നും ഫറൂഖ് കോളേജ് ഈ ഭൂമി വിറ്റ വകയില്‍ 33 ലക്ഷം രൂപ സമാഹരിക്കുകയും ഫറൂഖ് കോളേജിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ഇതിനകം വിനിയോഗി ച്ചിട്ടുള്ളതാണെന്നും അവര്‍ പറയുന്നു. വീണ്ടും വഖഫ് ബോര്‍ഡ് ഒരിക്കല്‍ പരിഹാരം വാങ്ങി കൈമാറിയ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്നത് അന്യായമാണെന്നാണ് വിമര്‍ശനം.
മുനമ്പം ഭൂമി പ്രശ്‌നം സാമുദായിക പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന് മുന്‍പേ നിയമപരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗം വിഷയത്തില്‍ രമ്യമായ പരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.


