01
Sep 2024
Mon
01 Sep 2024 Mon
govt school headmaster held for killing 6 year old girl for resisting rape attempt

ലൈംഗികാതിക്രമം ചെറുത്ത ആറുവയസ്സുകാരിയെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കഴുത്തുഞെരിച്ചുകൊന്നു. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വളപ്പില്‍ മരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേസ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. അമ്പതുകാരനായ ഗോവിന്ദ് നാഥ് 18 വര്‍ഷമായി സ്‌കൂളില്‍ ജോലി ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ അമ്മ ലിഫ്റ്റ് ചോദിച്ചതു പ്രകാരം സപ്തംബര്‍ 19ന് രാവിലെ ഗോവിന്ദ് നാഥ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കു കാറില്‍കയറ്റികൊണ്ടുപോവുകയായിരുന്നു. മകളെ കാണാതെ വന്നതോടെ വീട്ടുകാര്‍ അധ്യാപകനോടു ചോദിച്ചെങ്കിലും സ്‌കൂളില്‍ വന്നിറങ്ങിയ ശേഷം കുട്ടിയെ കണ്ടിട്ടില്ലെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്.

കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ വീട്ടുകാര്‍ പോലീസിനോട് രാവിലെ മകളെ പ്രധാനാധ്യാപകന്റെ കാറില്‍ കയറ്റിവിട്ട കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളാദ്യം ഉരുണ്ടുകളിച്ചെങ്കിലും വിശദമായ ചോദ്യംചെയ്യലില്‍ കുറ്റകൃത്യം വെളിപ്പെടുത്തുകയായിരുന്നു.

വൈകീട്ട് അഞ്ചിന് താന്‍ സ്‌കൂളില്‍ നിന്നു പോയെന്നാണ് ഇയാളാദ്യം പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് വൈകീട്ട് 6.10 വരെ പ്രതി സ്‌കൂളിലുണ്ടായിരുന്നുവെന്നു കണ്ടെത്തി. ഗോവിന്ദ് നാഥിന്റെ കാറില്‍ നിന്ന് രാവിലെ ബാലിക സ്‌കൂള്‍ മുറ്റത്ത് ഇറങ്ങിയിട്ടില്ലെന്ന് മറ്റു കുട്ടികള്‍ പോലീസിനോടു പറഞ്ഞിരുന്നു. ഇതോടെയാണ് പോലീസിന് ഇയാളില്‍ സംശയം ബലപ്പെടുന്നതും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതും.

രാവിലെ തന്നെ കുട്ടിയെ കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് മൃതദേഹം കാറിലിട്ട് വാഹനം സ്‌കൂള്‍ പരിസരത്ത് പാര്‍ക്ക് ചെയ്തുവെന്നും ഗോവിന്ദ് നാഥ് പറഞ്ഞു. വൈകീട്ട് എല്ലാവരും സ്‌കൂളില്‍ നിന്നു പോവാന്‍ കാത്തുനിന്ന പ്രതി അഞ്ചുമണിക്കു ശേഷം മൃതദേഹം സ്‌കൂള്‍ കെട്ടിടത്തിനു പിന്നില്‍ തള്ളുകയും ചെയ്തു. കുട്ടിയുടെ ബാഗും ചെരിപ്പും ഇയാള്‍ ക്ലാസ് മുറിക്ക് പുറത്തുവയ്ക്കുകയും ചെയ്തു. വിദ്യാര്‍ഥിനി സ്‌കൂളിലെത്തിയെന്നു വരുത്തിതീര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ വീട്ടുകാരുടെയും മറ്റു വിദ്യാര്‍ഥികളുടെയും മൊഴികളും മറ്റ് തെളിവുകളും ഗോവിന്ദ് നാഥ് തന്നെയാണ് ഘാതകനെന്നു കണ്ടെത്താന്‍ പോലീസിനായി.ഭാര്യയും മകനും മരുമകളും അടങ്ങുന്നതാണ് ഗോവിന്ദ് നാഥിന്റെ കുടുംബമെന്ന് പോലീസ് പറഞ്ഞു.