|
ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്ന് വിപണിയുടെ കേന്ദ്രമായി ഗുജറാത്ത് മാറുകയാണെന്ന റിപ്പോർട്ടുകൾക്കിടെ സംസ്ഥാനത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തില്‍ പ്രത്യേക സംഘങ്ങള്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 5000 കോടി രൂപയുടെ കൊക്കെയ്ന്‍ ആണ് പിടികൂടിയത്. ഗുജറാത്ത് പൊലീസും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 518 കിലോഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്. അങ്കലേശ്വറിലുള്ള അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് കമ്പനിയില്‍ നടത്തിയ പരിശോധനയിലാണു ഇത്രയും ലഹരി കണ്ടെടുത്തത്.
രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ഇതുവരെ ഡല്‍ഹി പൊലീസ് പിടികൂടിയത്. പിടിച്ചെടുത്തത് ആകട്ടെ 1289 കിലോ കൊക്കെയ്ൻ.
ഈ മാസം ഒന്നിനു ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ മഹിപാല്‍പുരില്‍ തുഷാര്‍ ഗോയല്‍ എന്നയാളുടെ ഗോഡൗണില്‍ റെയ്ഡ് നടത്തി 562 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഈ മാസം 10ന് ഡല്‍ഹിയിലെ രമേശ് നഗറിലെ കടയില്‍നിന്ന് 208 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.
ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ GPS വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രതികള്‍ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്‌നെന്നും പൊലീസ് പറയുന്നു.
Gujarat has become center of drug market; Cocaine worth Rs 5000 crore seized by police





