15
May 2024
Sun
15 May 2024 Sun
Israeli soldiers killed in gaza hamas

ഗസാ സിറ്റി: ഉത്തര ഗസയിലെ ജബലിയയില്‍ നിരവധി ഇസ്രായേലി സൈനികരെ പിടികൂടുകയും കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഹമാസ്. (Hamas armed wing says its fighters have killed, captured Israeli soldiers in Gaza)എന്നാല്‍, എത്ര സൈനികരെയാണ് അപായപ്പെടുത്തിയതെന്ന് വ്യക്തമല്ല. അതേസമയം, ഇക്കാര്യം ഇസ്രായേല്‍ നിഷേധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഞങ്ങളുടെ പോരാളികള്‍ സയണിസ്റ്റ് സൈന്യത്തെ തുരങ്കത്തിലേക്ക് ആകര്‍ഷിച്ച് കെണിയില്‍ വീഴ്ത്തി. തുരങ്കത്തില്‍ കയറിയ മുഴുവന്‍ സൈനികരെയും കൊലപ്പെടുത്തുകയോ പിടികൂടുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്ത ശേഷമാണ് പോരാളികള്‍ പിന്‍വാങ്ങിയത്”- അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അറിയിച്ചു. അല്‍ജസീറയ്ക്ക് നല്‍കിയ ഓഡിയോ സന്ദേശത്തിലാണ് ഈ വെളിപ്പെടുത്തല്‍.

എന്നാല്‍, സൈനികരെ പിടികൂടിയ സംഭവം ഉണ്ടായിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസുമായുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ ഇസ്രായേല്‍ താല്‍പര്യം പ്രകടിപ്പിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് സൈന്യത്തിന് കനത്ത നാശം വരുത്തിയതായുള്ള അബൂ ഉബൈദയുടെ വെളിപ്പെടുത്തല്‍. സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ്, ഖത്തര്‍ പ്രധാന മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി എന്നിവരെ മധ്യസ്ഥരാക്കി ബന്ദി മോചന ചര്‍ച്ചയ്ക്ക് ഇസ്രായേലി ഇന്റലിജന്‍സ് മേധാവി ഡേവിഡ് ബര്‍നിയ തയ്യാറായതായാണ് റിപോര്‍ട്ട്.

എന്നാല്‍, പുതിയൊരു അനുരഞ്ജന ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ഹമാസ് പ്രതിനിധി ഉസാമ ഹംദാന്‍ പ്രതികരിച്ചു. ഇസ്രായേല്‍ ഗസയില്‍ നിന്ന് പിന്മാറുകയും എല്ലാ കൈയേറ്റങ്ങളും അവസാനിപ്പിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്.

”പുതിയൊരു ചര്‍ച്ചയുടെ ആവശ്യമില്ല,”-അദ്ദേഹം പറഞ്ഞു. ഒരു വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് നിലവില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇസ്രായേല്‍ അത് തള്ളിക്കളയുകയായിരുന്നുവെന്ന കാര്യം ഉസാമ ഹംദാന്‍ ചൂണ്ടിക്കാട്ടി.

”പുതിയ നിര്‍ദേശങ്ങള്‍ ഇസ്രായേല്‍ സ്വീകരിക്കുമെന്നതിന് ഒരു ഗാരന്റിയുമില്ല. ഗൗരവമായ ഉറപ്പുകള്‍ നല്‍കാതെയുള്ള ചര്‍ച്ച, ഇസ്രായേലിന് അധിനിവേശം തുടരാന്‍ കൂടുതല്‍ സമയം നല്‍കുക മാത്രമാണ് ചെയ്യുക”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.