15
Oct 2025
Sat
15 Oct 2025 Sat
Hamas handover hostage remains

Hamas hands over remains of one more Israeli captive ഗസാ മുനമ്പില്‍ നിന്ന് കണ്ടെത്തിയ ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് കൈമാറി. അതിര്‍ത്തി കടന്നുള്ള സഹായം അനുവദിക്കുന്നതിനായി ഇസ്രായേലിന്മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മധ്യസ്ഥരോടും അന്താരാഷ്ട്ര സമൂഹത്തോടും ഹമാസ് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി 11 മണിക്ക് ആണ് മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയതെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. എന്നാല്‍, എവിടെ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് അവര്‍ വ്യക്തമാക്കിയില്ല.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഗസയില്‍ ഹമാസ് റെഡ് ക്രോസിന് മൃതദേഹമടങ്ങിയ ശവപ്പെട്ടി കൈമാറുകയായിരുന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ഫോറന്‍സിക് മെഡിസിനിലേക്ക് മാറ്റും.

ഗസയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് ഉള്‍പ്പെടെ, യുഎസ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഹമാസ് അറിയിച്ചു. തങ്ങള്‍ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞ എല്ലാ മൃതദേഹങ്ങളും തിരികെ നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ ഇസ്രായേലിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ മറ്റ് ബന്ദികളെ കണ്ടെത്താന്‍ സഹായം ആവശ്യമുണ്ടെന്നും അവര്‍ ആവര്‍ത്തിച്ചു. 18 മൃതദേഹങ്ങള്‍ ഇപ്പോഴും ഗസയിലുണ്ട്. എന്നാല്‍, അവ കണ്ടെത്താന്‍ കനത്ത യന്ത്രസാമഗ്രികളും വിദഗ്ധ സംഘവും ആവശ്യമാണെന്ന് ഹമസ് അറിയിച്ചു.

ഇസ്രായേല്‍ ‘സഹകരിക്കുന്നില്ല’

മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നത് രാജ്യത്ത് വളരെ വൈകാരികമായാണ് കണക്കാക്കുന്നതെന്നും ഇത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്നും മുന്‍ ഇസ്രായേലി അംബാസഡര്‍ അലോണ്‍ ലിയല്‍ പറഞ്ഞു.

മരിച്ച എല്ലാ ബന്ദികളുടെയും മൃതദേഹങ്ങള്‍ തിരികെ നല്‍കാതെ ഹമാസ് വെടിനിര്‍ത്തല്‍ കരാറില്‍ വഞ്ചന കാണിക്കുകയാണെന്ന് നിരവധി ഇസ്രായേലികള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ചില ബന്ദികളുടെ മൃതദേഹങ്ങള്‍ തുരങ്കങ്ങളിലോ ഇസ്രായേല്‍ പിന്നീട് തകര്‍ത്ത കെട്ടിടങ്ങളിലോ ഉണ്ടെന്നും, അവ വീണ്ടെടുക്കാന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഴിക്കാന്‍ കനത്ത യന്ത്രങ്ങള്‍ ആവശ്യമാണെന്നും ഹമാസ് പറഞ്ഞു. പുതിയ ബുള്‍ഡോസറുകളൊന്നും ഗസ മുനമ്പിലേക്ക് കടത്തിവിടാത്തതിന് അവര്‍ ഇസ്രായേലിനെ കുറ്റപ്പെടുത്തി. യുദ്ധസമയത്ത് ഗസയിലെ ഇത്തരത്തലുള്ള പല ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു.

മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ഇസ്രായേല്‍ സഹകരിക്കുന്നില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. തുര്‍ക്കി മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിലെ 81 വിദഗ്ദ്ധരെ അയക്കാന്‍ തയ്യാറായിരുന്നു, പക്ഷേ ഇസ്രായേല്‍ അവരെ പ്രവേശിക്കാന്‍ അനുവദിച്ചില്ല. അതിനായി ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാനും ഇസ്രായേല്‍ അനുവദിച്ചിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു.

എല്ലാ ബന്ദികളുടെയും മൃതദേഹങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രായേലിന് അനുമതി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആകെ 28 മൃതദേഹങ്ങളാണ് തിരികെ നല്‍കാനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസ് ഒന്‍പത് ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറി. പത്തെണ്ണം നല്‍കിയെങ്കിലും അതില്‍ ഒന്ന് ബന്ദിയുടേതല്ലെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.