ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടത് ബോംബ് സ്‌ഫോടനത്തിലെന്ന് വെളിപ്പെടുത്തല്‍. (Hamas leader Haniyeh killed in blast; The bomb was planted two months ago) ഇസ്രയേലി ചാര സംഘടനയായ മൊസാദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ റോനെന്‍ ബര്‍ഗ്മാനെ ഉദ്ധരിച്ച് ന്യൂയോര്‍ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തേ റോക്കറ്റ് ആക്രമണമാണ് നടന്നതെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.
|
ബര്‍ഗ്മാന്‍ പറയുന്നതു പ്രകാരം തെഹ്‌റാനില്‍ ഹനിയ്യ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് മുറിയിലുണ്ടായ ബോംബ് സ്‌ഫോടനമാണ് മരണകാരണം. കുറഞ്ഞത് രണ്ടുമാസമെങ്കിലും മുമ്പ് മുറിയില്‍ ബോംബ് സ്ഥാപിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. വടക്കന്‍ തെഹ്‌റാനിലെ നിശാത്ത് എന്ന കോമ്പൗണ്ടിലുള്ള ഈ ഗസ്റ്റ് ഹൗസ് റെവല്യുഷണി ഗാര്‍ഡിന്റെ കാവലിലാണ്. ഹനിയ്യയുടെ മുറിയില്‍ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് പൊട്ടിച്ചത്.
ഖത്തറില്‍ താമസിക്കുന്ന ഹനിയ്യ തെഹ്‌റാനിലെത്തുമ്പോള്‍ സ്ഥിരമായി ഈ ഗസ്റ്റ് ഹൗസിലെ മുറിയാണ് ഉപയോഗിച്ചിരുന്നത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി കുലുങ്ങിയിരുന്നു. പുലര്‍ച്ചെ രണ്ടിന് ശബ്ദം കേട്ട് നടുങ്ങിയ ഗസ്റ്റ്ഹൗസ് ജീവനക്കാരും സുരക്ഷാഉദ്യോഗസ്ഥരും അതിന്റെ പ്രഭവകേന്ദ്രം തേടി പായുകയായിരുന്നു.
ഒടുവിലാണ് ഹനിയ്യയും അംഗരക്ഷകനും ഉറങ്ങിയിരുന്ന മുറിയിലെത്തിയത്. ഗസ്റ്റ് ഹൗസിലെ മെഡിക്കല്‍ ടീം മുറിയിലെത്തുമ്പോഴേക്കും ഹനിയ്യ മരിച്ചിരുന്നു. പ്രാഥമിക ശുശ്രുഷ നല്‍കുന്നതിനിടെയാണ് അംഗരക്ഷകന്‍ മരിച്ചത്.
തെഹ്‌റാനിലുണ്ടായിരുന്ന ഹമാസിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഖലീല്‍ അല്‍ഹയ്യ ഉടന്‍ സ്ഥലത്തെത്തി നേതാവിന്റെ മൃതദേഹം കണ്ടു. ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ജനറല്‍ ഇസ്മായില്‍ ഗനിയെ ഉടന്‍ വിവരമറിയിച്ചു. അദ്ദേഹമാണ് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി ദുരന്ത വാര്‍ത്ത എത്തിച്ചത്.
നാലുമണിക്കൂറിന് ശേഷം പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രസ്താവനയിലൂടെയാണ് വിവരം പുറം ലോകമറിയുന്നത്. പിന്നാലെ ഖാംനഈ ഇറാന്റെ ദേശീയ സുരക്ഷാ സമിതി അംഗങ്ങളെ വസതിയിലേക്ക് വിളിച്ചുവരുത്തി. ആ യോഗത്തിലാണ് ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
സംഭവത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തിട്ടില്ലെങ്കിലും കഴിഞ്ഞ മണിക്കൂറുകളില്‍ യു.എസ് ഉള്‍പ്പെടെ ചില രാഷ്ട്രങ്ങള്‍ക്ക് ഓപറേഷന്റെ വിവരങ്ങള്‍ ഇസ്രയേല്‍ കൈമാറിയെന്നാണ് സൂചന. ഇതാണ് മാലിന്യം നീക്കം ചെയ്യാനുള്ള യഥാര്‍ത്ഥ വഴിയെന്ന് ഇസ്രായേല്‍ പൈതൃക മന്ത്രി പ്രസ്താവിച്ചിരുന്നു.
ഹനിയ്യയുടെ മരണം പുറത്തുവന്നയുടന്‍ ഒരു മിസൈലാക്രമണമാകും എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍. രാഷ്ട്രത്തിന്റെ അതിഥിയായി എത്തിയ ഹനിയ്യ താമസിക്കുന്ന മുറി ഉള്‍പ്പെടെ കൃത്യമായി എങ്ങിനെ ശത്രുക്കള്‍ക്ക് മനസ്സിലായി എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. റവല്യുഷണറി ഗാര്‍ഡിന്റെ കാവലിലുള്ള കെട്ടിടത്തില്‍, കൃത്യമായി ബോംബ് സ്ഥാപിക്കാന്‍ കഴിഞ്ഞത് ഇറാന്റെ സുരക്ഷാസംവിധാനങ്ങള്‍ക്കുള്ളിലേക്ക് ഇസ്രയേലി നുഴഞ്ഞുകയറ്റം ഉണ്ടായിരിക്കുന്നുവെന്നതിന്റെ സൂചനയാണ്.
പ്രമുഖ ഇറാന്‍ ആണവ ശാസ്ത്രജ്ഞരും ഐആര്‍ജിസി കമാന്‍ഡര്‍മാരും ഉള്‍പ്പെടെ പത്തോളം പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇറാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേലിന്റെ കരങ്ങളാണെന്ന് തെളിഞ്ഞിരുന്നു. പ്രാദേശിക ഒറ്റുകാരെ ഉപയോഗിച്ചാണ് ഇത്തരം ഓപ്പറേഷനുകള്‍ ഇസ്രായേല്‍ നടപ്പിലാക്കുന്നത്.


