
തെഹ്‌റാന്‍: ഇറാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥിയായി എത്തിയ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ രാജ്യതലസ്ഥാനത്ത് കൊല്ലപ്പെട്ടത് ഇറാന്റെ സുരക്ഷാ വീഴ്ച്ച ഒരിക്കല്‍ കൂടി വ്യക്തമാക്കി. (Haniya’s assassination; What is clear is Iran’s security breach ) ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയാണ് മൈക്രോസ്‌കോപ്പിക് കൃത്യതയോടെ ഇത്തരമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്നാണ് കരുതപ്പെടുന്നത്.
![]() |
|
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇറാന്റെ സ്ഥാനമൊഴിയുന്ന ഇന്റലിജന്‍സ് മന്ത്രി, മൊസാദ് ശൃംഖലയെ തകര്‍ത്തതാണ് തന്റെ ഭരണ കാലത്തെ ഏറ്റവും വലിയ നേട്ടമെന്ന് വീമ്പടിച്ചത്. എന്നാല്‍, ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തില്‍ നുഴഞ്ഞു കയറ്റക്കാരുടെ സാന്നിധ്യം നിഷേധിക്കാനാവില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം അലി ഹാജി ദെലിഗാനി പറഞ്ഞു.
ഇറാന്റെ അതിഥിയായ ഹനിയ്യ എവിടെയാണ് താമസിക്കുന്നതെന്ന് സയണിസ്റ്റുകള്‍ക്ക് എങ്ങിനെ മനസ്സിലായി- മുന്‍ എംപി അലി മുതഹരി ചോദിച്ചു. മിക്ക ഇറാനികളും ഇന്ന് ഇതേ ചോദ്യമാണ് ഉയര്‍ത്തുന്നത്.
ഇറാന്റെ പ്രസിഡന്റ് ആയിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നിലും ഇസ്രായേല്‍ ആണെന്ന സംശയം ഹനിയ്യയുടെ കൊലപാതകത്തോടെ ജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുകയാണ്. റഈസിയുടെ കുടുംബം മുഴുവന്‍ ഈ അഭിപ്രായക്കാരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിനെതിരേയും(ഐആര്‍ജിസി) ജനരോഷം തിരിഞ്ഞിട്ടുണ്ട്. ഇറാന്റെ പ്രസിഡന്റ് മഹ്‌മൂദ് പെഷസ്‌ക്യാന്റെ ഉദ്ഘാടന ചടങ്ങിന്റെയും പ്രധാന അഥിഥികളായ ഹനിയ്യയെ പോലുള്ളവരുടെയും സുരക്ഷാ ചുമതല ഐആര്‍ജിസിക്ക് ആയിരുന്നു. പ്രസിഡന്റിന്റെ ഓഫീസ് ഉപയോഗിക്കുന്ന സഅദാബാദ് പാലസില്‍ ആയിരുന്നു ഹനിയ്യ കൊല്ലപ്പെടുമ്പോള്‍ താമസിച്ചിരുന്നത്. ഐആര്‍ജിസിയുടെ കനത്ത സുരക്ഷയുള്ള മേഖലയാണിത്.
ALSO READ: ഹനിയ്യയുടെ കൊലപാതകം; തിരിച്ചടിക്കുമെന്ന് ഇറാന്‍; ആക്രമണം അമേരിക്കന്‍ സഹായത്തോടെ
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐആര്‍ജിസി ഇറാന്റെ പ്രധാന സൈനിക ശക്തി എന്നതിന് പുറമേ രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയ, സാമ്പത്തിക ശക്തിയായി വളര്‍ന്നിരുന്നു. ഐആര്‍ജിസി അതിന്റെ പ്രാഥമിക കടമയെ അവഗണിക്കുകയാണെന്ന് പല ഇറാനികളും ആരോപിക്കുന്നു. ”മാളുകള്‍ നിര്‍മിക്കുന്നതില്‍ നിന്ന് മാറി, പ്രധാന കടമ നിര്‍വഹിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന്”-ബിസിനസിന് പിന്നാലെ പോകുന്ന ഐര്‍ജിസിയുടെ നിലപാടിനെ വിമര്‍ശിച്ച് പ്രമുഖ ടിവി അവതാരകനായ മിലാദ് ദൊഖാന്‍ജി പറഞ്ഞു.
ഇറാന്റെ ഭരണസംവിധാനത്തില്‍ ഇസ്രായേല്‍ ഗുരുതരമായ നുഴഞ്ഞു കയറ്റം നടത്തിയിട്ടുണ്ടെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് മുന്‍ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. അതുകൊണ്ടാണ് ശത്രുവില്‍ കേന്ദ്രീകരിക്കുന്നതിന് പകരം വിമര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഐആര്‍ജിസി ധൃതി കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ഇറാന്‍ ആണവ ശാസ്ത്രജ്ഞരും ഐആര്‍ജിസി കമാന്‍ഡര്‍മാരും ഉള്‍പ്പെടെ പത്തോളം പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇറാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേലിന്റെ കരങ്ങളാണെന്ന് തെളിഞ്ഞിരുന്നു. പ്രാദേശിക ഒറ്റുകാരെ ഉപയോഗിച്ചാണ് ഇത്തരം ഓപ്പറേഷനുകള്‍ ഇസ്രായേല്‍ നടപ്പിലാക്കുന്നത്.