ഗസ്സ: രണ്ട് ഇസ്രായേലി ബന്ധികളെ കൂടി മോചിപ്പിച്ച് ഹമാസ്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് മോചനം. 85കാരിയായ യോഷേവെദ് ലിഫ്ഷിറ്റ്‌സ്, 79കാരിയായ നൂറിത് കൂപ്പർ എന്നിവരെയാണ് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിട്ടയച്ചത്. രണ്ട് അമേരിക്കൻ വനിതകളെ മോചിപ്പിച്ചതിനു പിന്നാലെയാണ് ഹമാസ് നടപടി.
|
ലിഫ്ഷിറ്റ്‌സിനെയും കൂപ്പറെയും മോചിപ്പിക്കുന്ന ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. റഫ അതിർത്തി വരെ സുരക്ഷയൊരുക്കിയാണ് ഇവരെ ഹമാസ് പോരാളികൾ റെഡ്ക്രോസ് പ്രതിനിധികളുടെ കൈയിൽ ഏൽപിച്ചത്. ഇതിനിടെ ഹമാസ് സംഘം നൽകിയ ചായയും ബിസ്‌കറ്റുമെല്ലാം ഇവർ കഴിക്കുകയും ചെയ്തു.
പോരാളികളുമായി ഇവർ സൗഹൃദത്തോടെ സംസാരിക്കുന്നതും കുശലം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രായാധിക്യമുള്ള സ്ത്രീയെ താങ്ങിപ്പിടിച്ചാണ് ഹമാസ് സംഘം സന്നദ്ധ പ്രവർത്തകരുടെ കൈയിൽ ഏൽപിച്ചത്. റെഡ്ക്രോസ് പ്രതിനിധികൾ ഇവരെ ഏറ്റുവാങ്ങിയ ശേഷം പിന്നിലേക്കു തിരിഞ്ഞ് ഹമാസ് സംഘത്തിലൊരാൾക്ക് കൈക്കൊടുത്ത് അഭിവാദ്യം ചെയ്യുകയും ചെയ്തു.
അറബ്- ജൂത അഭിവാദന വാക്യങ്ങളായ ‘സലാം’, ‘ഷാലോം’ എന്ന് പറഞ്ഞാണ് ഇവർ മുന്നോട്ടുനീങ്ങിയത്. ഒക്ടോബർ ഏഴിലെ മിന്നലാക്രമണത്തിനിടെ ഗസ്സ അതിർത്തിയിലുള്ള കിബ്ബുറ്റ്‌സ് നിർ ഒസിൽനിന്നാണ് ഇരുവരെയും ഖസ്സാം ബ്രിഗേഡ് സേനാംഗങ്ങൾ ബന്ദിയാക്കിയത്.
യോഷേവെദ് ലിഫ്ഷിറ്റ്‌സും ഭർത്താവ് ഒദേദ് ലിഫ്ഷിറ്റ്‌സും ഇസ്രായേലിലെ സമാധാന പ്രവർത്തകരാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിൽ നിന്നുള്ള രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ഇസ്രായേലിലെ ആശുപത്രികളിൽ എത്തിക്കാൻ മുന്നിലുണ്ടായിരുന്ന വ്യക്തികളാണ് ഇരുവരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, തനിക്ക് ഹമാസ് മതിയായ ചികിത്സ നൽകിയെന്നടക്കം ലിഫ്ഷിറ്റ്സ് പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥതയില്‍ നടന്ന നയതന്ത്ര ഇടപെടലിലാണ് ഇവരുടെ മോചനത്തിനു വഴിയൊരുങ്ങിയത്. റെഡ്‌ക്രോസ് വൃത്തങ്ങൾ ലിഫ്ഷിറ്റ്‌സിനെയും കൂപ്പറെയും ഇസ്രായേൽ പ്രതിരോധസേനയ്ക്കു കൈമാറിയതായാണു വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





