ഹരിയാനയിലെ മുസ്ലിംകള്‍ക്ക് ഇന്ന് ജുമുഅ നഷ്ടപ്പെടും; പള്ളിയിലേക്ക് പോകാതെ വീട്ടില്‍ നിസ്‌കരിക്കാന്‍ നിര്‍ദേശം
|
ന്യൂഡല്‍ഹി: കലാപം ഒഴിഞ്ഞെങ്കിലും രണ്ടുമൂന്ന് ദിവസങ്ങളായി വര്‍ഗീയ അസ്വസ്ഥതനിലനില്‍ക്കുന്ന ഹരിയാനയില്‍ ഇന്ന് മുസ്ലിംകള്‍ക്ക് വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ഥന നഷ്ടപ്പെടും. പള്ളിയിലോ മറ്റ് പൊതുസ്ഥലത്തോ ഇന്ന് ജുമുഅ നിസ്‌കാരം ഉണ്ടായിരിക്കില്ലെന്നും പകരം വിശ്വാസികള്‍ അവരുടെ വീട്ടില്‍വച്ച് പതിവ് ഉച്ച സമയത്തെ പ്രാര്‍ഥന നിര്‍വഹിക്കുമെന്നും ഗുരുഗ്രാം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മുഫ്തി സലീം ഖാസിമി അറിയിച്ചു.
നൂഹ് കലക്ടര്‍ പ്രശാന്ത് പന്‍വാറും ജില്ലാ പൊലിസ് മേധാവി വരുണ്‍ സിംഗ്ലയും മുസ് ലിം നേതാക്കളെ കണ്ട് പ്രാര്‍ഥന വീട്ടില്‍തന്നെ ഒതുക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളുടെ അഭ്യര്‍ഥന. കൂടാതെ പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ ബുധനാഴ്ച ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിരുന്നു. നേരത്തെ ഗുരുഗ്രാം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പള്ളി ഇല്ലാത്ത പ്രദേശങ്ങളിലെ മുസ് ലിംകള്‍ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന ജുമുഅക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ പലതവണ ആക്രമണം നടത്തിയിരുന്നു.
അതേസമയം, സംഘര്‍ഷം ഉണ്ടായ ഹരിയാനയിലെ നൂഹില്‍ കനത്ത ജാഗ്രത തുടരുന്നു. രണ്ടുദിവസമായി സംഘര്‍ഷങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കേന്ദ്രസേനയുടെ സുരക്ഷ തുടരാനാണ് നിര്‍ദ്ദേശം. നാളെ വരെ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞയും തുടരുകയാണ്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട 49 എഫ്‌ഐആറിലുമായി 165 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് ഹരിയാന പൊലീസ് അറിയിച്ചു.
സംഘര്‍ഷങ്ങള്‍ക്ക് കാരണമായാതായി പറയുന്ന തീവ്ര ഹിന്ദുത്വനേതാവ് മോനുമാനേസിറിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഒളിവില്‍ ഇരുന്ന് മാധ്യമങ്ങള്‍ക്ക് അടക്കം അഭിമുഖം നല്‍കുന്ന മോനുവിനെ പിടികൂടാത്തതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന വിഎച്ച്പി റാലി തടയണമെന്ന് ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Haryana violence: Muslims decide to offer Friday namaz at home





