സംസ്ഥാനത്ത് കാലവര്‍ഷം ശക്തം. നാളെ അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
|
ഇന്ന എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധന വിലക്കും തുടരുന്നുണ്ട്.
കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്
കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡില്‍ പലയിടത്തും റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ഓടനിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ മഴവെള്ളം ഒഴുകിപ്പോകുന്നതില്‍ തടസ്സമുള്ളത് ചിലയിടങ്ങളില്‍ വെള്ളക്കെട്ടിന് ഇടയാക്കി. കോഴിക്കോട് മിഠായിത്തെരുവില്‍ മഴയ്ക്കിടെ ഉണ്ടായ കനത്ത കാറ്റില്‍ രണ്ടു കെട്ടിടങ്ങളുടെ ഷീറ്റ് പറന്നു പോയി. ഷീറ്റുകള്‍ മറ്റ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ പതിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല. മിഠായിതെരുവില്‍ ഹാന്റ്റെക്‌സ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ തകരഷീറ്റുകളാണ് പറന്നുപോയത്. വ്യാഴാഴ്ച രാത്രി മുതല്‍ നഗരത്തില്‍ ഇടവിട്ട് മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ കനത്ത മഴയില്‍ വന്‍മരത്തിന്റെ ചില്ല ഒടിഞ്ഞുവീണു. കോംട്രസ്റ്റ് വളപ്പിലെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്കാണ് മതിലിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണത്.
കണ്ണൂരില്‍ കനത്ത നാശനഷ്ടം
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കനത്ത നാശം. ചെറുപുഴ, ആലക്കോട്, ഇരിട്ടി, കീഴ്പ്പള്ളി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. ചെറുപുഴ പഞ്ചായത്തില്‍ കനത്ത നാശനഷ്ടമുണ്ടായി. കെട്ടുകളും മതിലുകളും ഇടിഞ്ഞു വീണു. തിരുമേനി കോക്കടവിലെ ഇടത്തുണ്ടിയില്‍ പ്രിന്‍സിന്റെ വീടിനോട് ചേര്‍ന്ന ചെങ്കല്‍ക്കെട്ട് തകര്‍ന്നു വീണു. പുതിയിടത്ത് മണിയുടെ വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞു താണു. നിരവധി കര്‍ഷകരുടെ വിളകള്‍ക്കും നാശം സംഭവിച്ചു. ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ എല്ലായിടത്തും കനത്ത മഴയാണ്.
കണ്ണൂര്‍ ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍. ഇന്ന് രാവിലെ 11 മുതല്‍ ക്രമാനുഗതമായി തുറന്ന് ജലവിതാനം ക്രമീകരിക്കും. അതിനാല്‍ ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
Heavy monsoon rain in Kerala, Red alert in five districts


