|
കൊച്ചി: വടക്കൻ കേരളത്തിൽ മഴ തിമിർത്ത് പെയ്യുന്നു. സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പാലക്കാട്, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം.
പെരുമഴയെത്തുടര്‍ന്ന് വൻ നാശനഷ്ടം റിപോർട്ട് ചെയ്തു. കോഴിക്കോടിന്റെ മലയോര മേഖലകളില്‍ കനത്ത നാശമാണ് ഉണ്ടായിട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് മരങ്ങള്‍ കടപുഴകിയതിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അമ്പായത്തോട് ചുഴലിക്കാറ്റില്‍ ഏഴു വീടുകള്‍ തകര്‍ന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മേപ്പാടിയിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വി.എച്ച്.എസ്.സി. സ്കൂൾ, മുണ്ടക്കൈ യു.പി. സ്കൂൾ, പുത്തുമല സ്കൂൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.


