22
Sep 2025
Thu
22 Sep 2025 Thu
Heavy rain likely in Kerala today; Yellow alert in four districts | Kerala Rain Alert

തിരുവനന്തപുരം: തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഉത്രാടപ്പാച്ചിലിനൊരുങ്ങിയിരിക്കുകയാണ്. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളും പുതുമണം മാറാത്ത ഓണക്കോടിയുമൊക്കെ നിറച്ച് നാടെങ്ങും വിപണി സമൃദ്ധമാണ്. എന്നാല്‍ ആഘോഷം വെള്ളത്തിലാകുമോ എന്ന ആശങ്ക ഉണ്ടായിരിക്കുകയാണ് ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍. ഉത്രാടം നാളിലാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. കുട്ടികളുടെ ഓണവും ഈ ദിവസമാണ്. ഇന്ന് ശക്തമായ മഴ പ്രവചിച്ചതാണ് ആശങ്കക്കിടയാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴ സാധ്യത മുന്‍നിര്‍ത്തി വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ പെയ്യുന്നത്.

കേരള തീരത്തും കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളിലും ഇന്നും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളില്‍ ഇന്നലെ വൈകിട്ട് മുതല്‍ മഴ പെയ്യുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയും ഈ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. കണ്ണൂരിലെ കൊട്ടിയൂരില്‍ ബാവലി പുഴയില്‍ ശക്തമായ കുത്തൊഴുക്കുണ്ട്. ആറളം വനമേഖലയില്‍ പെയ്ത ശക്തമായ മഴയാണ് നദിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.

Heavy rain likely in Kerala today; Yellow alert in four districts | Kerala Rain Alert