ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പടെയുള്ള വിവിധ ജില്ലകളിൽ ഇന്നലെ അർധരാത്രി ആരംഭിച്ച മഴ ശക്തമായി തുടരുന്നു. അർധരാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ മുങ്ങി തമിഴ്‌നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒഎംആർ റോഡിൽ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടർന്ന് ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വെല്ലൂർ, റാണിപേട്ട് ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പന്ത്രണ്ടാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തും.
|
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നതായും റിപ്പോർട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം, റാണിപേട്ട്, തിരുപത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കഡല്ലൂർ, കള്ളക്കുറിച്ചി ജില്ലകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
1996ന് ശേഷം തമിഴ്നാട്ടിൽ ജൂണിൽ ഇത്ര ശക്തമായി മഴ പെയ്യുന്നത് ആദ്യമായാണ്. ചെന്നൈയിലെ മീനാക്ഷിപുരത്ത് ഇന്ന് പുലർച്ചെ 5.30 മുതൽ 13.7 സെന്റീമീറ്റർ മഴയാണ് പെയ്തത്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. 10 മണി വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ നാളെ വരെ ചെന്നൈ ഉൾപ്പടെയുള്ള വിവിധ ജില്ലകളിൽ മഴ തുടരും.





