07
Nov 2023
Fri
07 Nov 2023 Fri

UAEയില്‍ കനത്ത മഴ, റോഡുകളില്‍ നിറയെ വെള്ളം, പല കമ്പനികളിലും ‘വര്‍ക് @ ഹോം’; മഴ തുടരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കനത്ത മഴ. റോഡുകളില്‍ വെളളം നില്‍ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുലര്‍ച്ചെ 4.45 ഓടെയാണ് ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ ശക്തമായ മഴ പെയ്ത് തുടങ്ങിയത്. ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്തത്. ദുബായിലെ ഡിഐപി, അല്‍ ബര്‍ഷ, നാദ് അല്‍ ഷെബ, സിലിക്കണ്‍ ഓയാസീസ്, ഖിസൈസ്, ബിസിനസ് ബെ, ജുമൈറ വില്ലേജ് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ ശക്തമായ മഴപെയ്തു.ദുബായില്‍ അബു ഹെയില്‍ ഭാഗത്ത് കനത്ത പൊടിക്കാറ്റ് വീശി.

മഴ കനത്തതോടെഫോണുകളില്‍ എസ് എം എസ് സന്ദേശമായി ദുബായ് പോലീസിന്റെ സുരക്ഷാ മുന്നറിയിപ്പ് വന്നു. ബീച്ചുകളിലും നിന്നും മിന്നല്‍ പ്രളയമുണ്ടാകാനിടയുളള ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നതായിരുന്നു മുന്നറിയിപ്പ്. റോഡുകളില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അബുദബിയിലും ഫുജൈറയിലുംഷാര്‍ജയിലും ശക്തമായ മഴ പെയ്തു. രാജ്യത്ത് ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. വെളളി, ശനി ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ചയുടെ പ്രഭാതം ഇടിമിന്നലിന്റെയും കനത്ത മഴയുടെയും ശബ്ദ കോലാഹലം കേട്ടാണുണര്‍ന്നത്. മഴ സംബന്ധിച്ച് വ്യാഴാഴ്ച കാലാവസ്ഥാ വകുപ്പ് പ്രവചനം നടത്തിയിരുന്നു. പുലര്‍ച്ചെ പെയ്ത മഴ താമസക്കാര്‍ക്ക് അല്‍പം പ്രയാസമുണ്ടാക്കുകയും പ്രഭാത ദിനചര്യകളെ തടസ്സപ്പെടുത്തുകയും ചെയ്തു. അതിരാവിലെ ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കാണ് ഇതല്‍പം ബുദ്ധിമുട്ടായത്. പല റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് വാഹനങ്ങളുമായി സഞ്ചരിക്കാനാവാത്ത സ്ഥിതിയായി.

ഇതോടെ ഇന്ന് ഫ്‌ളെക്‌സിബിള്‍ വര്‍ക് സജ്ജീകരണങ്ങള്‍ പ്രയോഗിക്കാന്‍ സ്വകാര്യ കമ്പനികളോട് മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. കനത്ത മഴയും ഇടിമിന്നലും കാരണം ദുബായിലെ നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈനിലേക്ക് പഠനം മാറ്റി. സ്‌കൂള്‍ മേധാവികള്‍ വിദൂര പഠനത്തിലേക്കുള്ള മാറ്റത്തെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ഇമെയിലുകള്‍ അയച്ചിരുന്നു. ദേരയിലെ നായിഫ് അടക്കമുള്ള ചില സ്ഥലങ്ങളില്‍ റോഡുകള്‍ മഴവെള്ളത്തില്‍ നിറഞ്ഞു കവിഞ്ഞു. ചില ഭാഗങ്ങളില്‍ ഷോപ്പുകളിലേക്കും വെള്ളം കയറി. മഴ കനത്തതായതിനാല്‍ പലര്‍ക്കും ജോലിക്കെത്തല്‍ പ്രയാസം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പല കമ്പനികളും ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചു.

യുഎഇ തണുപ്പുകാലത്തിലേക്ക് മാറുന്നതിന് മുന്നോടിയായാണ് മഴ പെയ്യുന്നത്. ചെങ്കടലില്‍ നിന്നുളള ഉപരിത ന്യൂനമര്‍ദ്ദവും മഴയ്ക്ക് കാരണമായി. മഴ ലഭിക്കുന്നതിനായി രാജ്യത്ത് ക്ലൗഡ് സീഡിംഗും നടത്തുന്നുണ്ട്. വിവിധ എമിറേറ്റുകളിലെ താപനിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. മലമേഖലകളില്‍ താപനില 14 ഡിഗ്രി സെല്‍ഷ്യസിലെത്തിയപ്പോള്‍ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ പരമാവധി 33 ഡിഗ്രി സെല്‍ഷ്യസാണ് താപനില.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക