കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ തലത്താഴ്തിയിരിക്കുകയാണ് മലയാളികൾ. തങ്ങൾ ആരാധിക്കുന്ന പല താരങ്ങളും ലൈംഗിക പീഡകർ ആണെന്നതുൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തുവരുന്നത്. അവസരത്തിന് വേണ്ടി കിടപ്പറ പങ്കിടണം എന്ന കാസ്റ്റിംഗ് കൗച് രീതി മലയാള സിനിമയിലും ഉണ്ടെന്നത് ആണ് റിപ്പോർട്ടിലെ പ്രധാന ഹൈലൈറ്റ്. പരസ്പര സമ്മതത്തോടെ സെക്സുകൾ സാധാരണ ആണെങ്കിലും അവസരങ്ങൾക്ക് ആയി യുവനടിമാരായ മക്കൾ അഡ്ജസ്റ്റ്മെൻ്റ് ചെയ്യുന്നതിൽ തെറ്റില്ലെന്ന് വിശ്വക്കുന്ന അമ്മമാർ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.
|
സിനിമയില്‍ കിസ്, സെക്സ്, ഹഗ് പോലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്ന നടിമാരക്ക് യഥാര്‍ഥ ജീവിതത്തിലും ഇങ്ങിനെ ചെയ്യാൻ മടിയില്ലെന്നാണ് പലരുടെയും ധാരണ. സെക്‌സ് വേണമെന്ന് യാതൊരു മടിയുമില്ലാതെ അത്തരക്കാര്‍ നടിമാരോട് ആവശ്യപ്പെടുന്നു. നോ പറയുന്ന സ്ത്രീകളോട് അങ്ങനെ ചെയ്താല്‍ കൂടുതല്‍ അവസരം വാങ്ങിത്തരാമെന്ന് മറുപടി പറയും. ചില പുതുമുഖ നടിമാര്‍ ഇത്തരക്കാരുടെ കെണിയില്‍ വീഴാറുണ്ട്.
സിനിമയിലേക്ക് അവസരം നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളറോ മറ്റാരെങ്കിലുമോ സമീപിക്കുമ്പോഴോ അല്ലെങ്കില്‍ അവസരം ചോദിക്കുമ്പോഴോ ആദ്യം പറയുന്നത് ‘അഡ്ജസ്റ്റ്‌മെന്റി’നും ‘വിട്ടുവീഴ്ച’യ്ക്കും തയാറാകേണ്ടി വരും എന്നാണ് എന്ന് റിപ്പോർട്ടിലുണ്ട്. ഈ രണ്ട് വാക്കുകളും സിനിമാമേഖലയില് സുപരിചിതമാണ്. നടന്‍, നിര്‍മാതാവ്, സംവിധായകര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തുടങ്ങി സിനിമയിലെ ആരും സെക്സ് ചോദിച്ചെത്തും. കൂടുതൽ അവസരങ്ങൾ ലഭിച്ചു വിജയിച്ചവരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും മുന്നേറിയതും പണം സമ്പാദിച്ചതും അഡ്ജസ്റ്റ് ചെയ്തിട്ടാണെന്ന് അവസരം തേടുന്നവരോട് പറയും. നടിമാര്‍ പ്രശസ്തരായത് വിട്ടുവീഴ്ച ചെയ്താണെന്ന് ഈ മേഖലയില്‍ പലരും വിശ്വസിക്കുന്നുണ്ട്. ഇങ്ങനെ ഒരു ഇമേജ് സൃഷ്ടിച്ചത് സിനിമാ മേഖലയിലുള്ളവര്‍ തന്നെയാണെന്നും നിരവധി നടിമാര്‍ മൊഴി നല്‍കി.
ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമുണ്ടായിരിക്കാം എങ്കിലും സിനിമയില്‍ എത്തുന്ന സ്ത്രീകള്‍ പൊതുവേ അവസരത്തിനായി കിടയ്ക്ക പങ്കിടാന്‍ ഇഷ്ടപ്പെടുന്നവരല്ലെന്നും റിപ്പോർട്ടിൽ ഉണ്ട്. അഡ്ജസ്റ്റുമെന്റുകള്‍ക്ക് തയാറാകുന്ന നടിമാർ ഈ മേഖലയിലുണ്ട്. മകള്‍ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ലെന്നും ചിന്തിക്കുന്ന, അത്തരത്തിലുള്ള സാഹചര്യത്തില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന അമ്മമാരെയും തനിക്കറിയാമെന്ന് ഒരു നടി കമ്മിഷനു മുന്നില്‍ മൊഴി നല്‍കി.
തൊഴിലിനായി ലൈംഗികാവശ്യങ്ങള്‍ക്ക് കീഴ്‌പ്പെടണമെന്ന സാഹചര്യം സങ്കടകരമാണെന്ന് സിനിമയിലെ സ്ത്രീകള്‍ പറയുന്നു. സിനിമയില്‍ അവസരം നല്‍കാന്‍ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നതിന്റെ വിഡിയോ, ഓഡിയോ ക്ലിപ്പുകള്‍, വാട്‌സാപ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ കമ്മിഷനു മുന്നില്‍ ഹാജരാക്കിയൂട്ടുണ്ട്.
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ ഉപദ്രവിച്ച നടന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി ഒരു നടി നല്‍കിയ മൊഴിയിലുണ്ട്. അടുത്ത ദിവസം ആ നടനൊപ്പം ആലിംഗന രംഗം ഉണ്ട്. അയാളുടെ മുഖത്ത് നോക്കാൻ ഉള്ള മൂഡ് പോലും ഇല്ല. അക്കാരണത്താൽ ഒരൊറ്റ ഷോട്ടില്‍ എടുത്തു തീര്‍ക്കേണ്ട ആലിംഗന രംഗം 17 റീ ടേക്കുകള്‍ വരെ പോയി. ഇതോടെ സംവിധായകന്‍ തന്നെ കുറ്റപ്പെടുത്തിയെന്നും നടി പറയുന്നു.
പണത്തിന് വേണ്ടി സ്ത്രീകള്‍ എന്തും ചെയ്യുമെന്നാണ് ചിലരുടെ മനോഭാവം. പ്രശ്നക്കാരിയാണെന്ന് ഏതെങ്കിലും നടിയെ മുദ്രകുത്തുമ്പോള്‍ പിന്നീട് അവര്‍ക്കാര്‍ക്കും അവസരം നല്‍കുകയില്ല. അതുകൊണ്ടു തന്നെ അഭിനയം മോഹമായി കൊണ്ടുനടക്കുന്ന പല സ്ത്രീകളുടെയും പ്രതികരണം മൗനം മാത്രമായിരിക്കും. എന്തു ദുരനുഭവങ്ങളും ഉള്ളിൽ ഒതുക്കും.
ലൈംഗികമായി വഴങ്ങുന്നവര്‍ക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കുമെന്ന പരാതിയും കമ്മിറ്റിക്ക് മുമ്പിലെത്തി. നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നടിമാര്‍ക്ക് മുകളില്‍ സമ്മര്‍ദമുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്ക് സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. നഗ്നത എത്രത്തോളം പ്രദര്‍ശിപ്പിക്കണം എന്ന കാര്യം സംബന്ധിച്ച് യാതൊന്നും കരാറില്‍ ഉണ്ടാകില്ല. എന്നാല് ചിത്രീകരണം തുടങ്ങുമ്പോള്‍ നിലപാട് മാറിമറിയുന്നുവെന്ന് ഒരു നടി നല്‍കിയ മൊഴിയില്‍ പറയുന്നു. വളരെ കുറച്ച് ശരീരഭാഗങ്ങള്‍ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ച ശേഷം അണിയറക്കാര്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നു. ചിത്രീകരണം തുടങ്ങുമ്പോള്‍ ലിപ് ലോക്ക് സീനുകളില്‍ വരെ അഭിനയിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും നടി വെളിപ്പെടുത്തി. കരാറില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് സെറ്റില്‍നിന്നു പുറത്തേക്ക് പേകേണ്ട അനുഭവം മറ്റൊരു നടി പങ്കുവച്ചു.
ഷൂട്ടിങ് ലൊക്കേഷനില്‍ ചെന്നാല്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. പവര്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ളവര്‍ക്ക് കാരവാന്‍ ഉണ്ടാകും. നടിമാര്‍ക്ക് ശുചിമുറികള്‍ പോലും ലൊക്കേഷനില്‍ ലഭ്യമല്ല. വസ്ത്രം മാറാന്‍ സുരക്ഷിതമായ സൗകര്യം സെറ്റില്‍ ഒരുക്കുന്നില്ല. പി.വി.സി. പൈപ്പില്‍ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് പലപ്പോഴും വസ്ത്രം മാറാന്‍ സൗകര്യം നല്‍കുന്നത്. കാറ്റടിച്ചാല്‍ ചിലപ്പോൾ പറന്നുപോകും വിധമുള്ള താല്‍ക്കാലിക സംവിധാനമാണിത്. ഈ സംവിധാനം അവസാനിപ്പിക്കണമെന്നു നടി ശാരദ നിര്‍ദേശിക്കുന്നതായി റിപ്പോർട്ടിൽ ഉണ്ട്
സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി രൂപീകരിച്ചതിന് ശേഷം ദുരനുഭവങ്ങള്‍ ആരോടെങ്കിലും സുരക്ഷിതമായി പറയാന്‍ സാധിക്കുന്ന സാഹചര്യമുണ്ടായെന്ന് ഏതാനും വനിതാ സിനിമാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയതായും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോടും തുറന്നുപറയാനാകാതെ വേദനയും ഉള്ളിലൊതുക്കി ജീവിക്കുകയാണ് പലരും. മാതാപിതാക്കളോട് പോലും പറയാന്‍ മടിക്കുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് പലരും അഭിനയമോഹം കൊണ്ട് സിനിമയിലേക്ക് വരുന്നത്. മോശം അനുഭവങ്ങള്‍ വരുമ്പോള്‍ അതിനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ മൗനം പാലിക്കുക ആണ്.


