റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ആശ്വാസം. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി.(Hemant Soren bail will not be cancelled: Supreme court) ജാമ്യം നല്‍കിയ ഹൈക്കോടതി വിധി യുക്തിഭദ്രമെന്ന് സുപ്രിം കോടതി. റാഞ്ചി ഹൈക്കോടതിയാണ് സോറന് നേരത്തേ ജാമ്യം നല്‍കിയത്.
|
ഹൈക്കോടതി വിധി വിചാരണയെ ബാധിക്കുമെന്ന ഇഡിയുടെ വാദം കോടതി തള്ളി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസിലാണ് ഹേമന്ത് സോറനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
ജൂണ്‍ 28നായിരുന്നു ഹേമന്ത് സോറന് ജാമ്യം നല്‍കി ഹൈക്കോടതി ഉത്തരവിറക്കിയത്. വിധിയില്‍ പിഴവുണ്ടെന്നും കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം.
ALSO READ: ജാര്‍ഖണ്ഡില്‍ വ്യാപക റെയ്ഡുമായി ഇഡി; 25 കോടി രൂപ പിടിച്ചെടുത്തു
ജൂലൈ എട്ടിനാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചത്. ഹേമന്ത് സോറനെതിരെ പ്രഥമദൃഷ്ട്യാ കേസൊന്നുമില്ലെന്ന് ഹൈക്കോടതി പറഞ്ഞതില്‍ തെറ്റ് പറ്റിയെന്നാണ് ഇഡിയുടെ വാദം.
ഭൂമി അഴിമതിക്കേസില്‍ ജനുവരി 31ന് രാത്രിയാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ സോറന്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2024 ഫെബ്രുവരി രണ്ടിന് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അഞ്ച് മാസത്തിന് ശേഷമാണ് സോറന്‍ കേസില്‍ ജാമ്യത്തിലിറങ്ങിയത്. കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.





