16
Apr 2025
Tue
16 Apr 2025 Tue
empuraan bjp

മോഹന്‍ലാല്‍-പ്രിഥ്വാരാജ് ചിത്രം എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. (High Court rejects BJP leader’s plea to stop screening of Empuraan ) തൃശൂര്‍ സ്വദേശിയും ബിജെപി ജില്ലാ നേതാവുമായ വിവി വിജീഷ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. വിഷയത്തില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹരജിയാണിതെന്ന് നിരീക്ഷിച്ച കോടതി, ഹരജിക്കാരന്‍ സിനിമ കണ്ടോ എന്നും ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ സിനിമയല്ലേ ഇത് എന്നും ഹൈക്കോടതി ചോദിച്ചു.

സിനിമയിലെ നായകന്‍ മോഹന്‍ലാല്‍, സംവിധായകന്‍ പ്രിഥ്വിരാജ്, നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടാണ് വിജീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നായിരുന്നു ഹര്‍ജിയിലെ വാദം. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാന്‍. ദേശീയ അന്വേഷണ ഏജന്‍സികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.

മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ് സുകുമാരന്‍, ഗോകുലം ഗോപാലന്‍, സുഭാസ്‌കരന്‍, ഇഡി ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, കേന്ദ്ര നികുതി ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേക്ഷണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരാണ് എതിര്‍കക്ഷികള്‍. ഗോധ്ര കലാപത്തെ കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.