കൊച്ചി: അമിതലാഭം വാഗ്ദാനം ചയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ഹൈറിച്ച് കമ്പനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. (Highrich hr coin forgery; crores raised through fraud turned into crypto currency ) കോടികളുടെ തട്ടിപ്പിന് ‘ഹൈറിച്ച്’ എംഡി പ്രതാപന്‍ മറയാക്കിയ ‘എച്ച്.ആര്‍ കോയിന്‍’ വ്യാജ ക്രിപ്‌റ്റോ കറന്‍സിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തില്‍ കണ്ടെത്തി. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച കോടികള്‍ പ്രതാപനും കൂട്ടരും അവരുടെ സ്വകാര്യ ക്രിപ്‌റ്റോ വോലറ്റുകളിലേക്ക് മാറ്റിയെന്നും ഇഡിയുടെ കണ്ടെത്തല്‍.
|
പ്രതാപന്റെയും കമ്പനിയുടെയും പേരില്‍ 11 ക്രിപ്‌റ്റോ വോലറ്റുകളാണ് ഉള്ളത്. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സിലെ മൂന്ന് അക്കൗണ്ടുകളില്‍ ഹൈറിച്ചിന്റെ കോടികള്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലുള്ള പ്രതാപനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുന്നതിനാണ് ഇ.ഡി നീക്കം.
സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഹൈറിച്ച് പകര്‍ത്തിയത് ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ തട്ടിപ്പിന്റെ മാതൃകയാണ്. ക്രിപ്‌റ്റോ ക്വീന്‍ റുജ ഇഗ്നത്തോവയുടെ വണ്‍കോയിന്‍ തട്ടിപ്പുമായി ഹൈറിച്ചിന് സമാനതകളേറെയുണ്ടെന്നും ഇഡി അന്വേഷണത്തില്‍ ബോധ്യമായി. കൂടുതല്‍ ഇടപാടുകാരെ ചേര്‍ക്കുന്ന വണ്‍കോയിന്റെ ‘പിരമിഡ് മാതൃക’ പിന്തുടര്‍ന്ന ഹൈറിച്ച് ഇടപാടുകാരെ എത്തിച്ചാല്‍ വാഗ്ദാനം ചെയ്തിരുന്നത് 30 മുതല്‍ 500ശതമാനംവരെ ലാഭം. ഒരു കോയിനിന് 160രൂപ വിലയിട്ട് ആയിരകണക്കിന് നിക്ഷേപകരില്‍ നിന്ന് ഹൈറിച്ച് സമാഹരിച്ചത് കോടികളാണ്. ഈ പണം പ്രതാപനും കൂട്ടരും മറ്റ് ക്രിപ്‌റ്റോ നിക്ഷേപങ്ങളാക്കി മാറ്റുകയായിരുന്നു.
മണിചെയിന്‍ തട്ടിപ്പിന്റെ മാതൃകയില്‍ 3141 കോടി രൂപയുടെ നിക്ഷേപമാണ് ഹൈറിച്ച് കമ്പനി സ്വീകരിച്ചത്. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത 15 കേസുകളില്‍തന്നെ 1157 കോടി രൂപയുടെ തട്ടിപ്പ് ഇ.ഡി കണ്ടെത്തിയതായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് കോടതിയെ അറിയിച്ചു.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയില്‍ പണം നിക്ഷേപിച്ചാല്‍ 10 മടങ്ങുവരെ ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ.ഡി പറയുന്നു. ഹൈറിച്ച് സ്മാര്‍ട്ട് ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുറത്തിറക്കിയെന്ന് വ്യാജമായി പ്രചരിപ്പിച്ച ഹൈറിച്ച് (എച്ച്.ആര്‍) ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ 15 ശതമാനം ഇന്‍സെന്റിവും 500 ശതമാനം വാര്‍ഷിക ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നു. ഇതിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നവര്‍ക്ക് പുതിയ അംഗങ്ങള്‍ നിക്ഷേപിക്കുന്ന തുകയുടെ 30 ശതമാനവും കമീഷനും വാഗ്ദാനം ചെയ്തു. ആയിരക്കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച ഒടിടി പ്ലാറ്റ്‌ഫോമും വ്യാജമാണെന്ന് കണ്ടെത്തി. ഒ.ടി.ടി പ്ലാറ്റ്‌ഫോമിനുവേണ്ടി നിര്‍മിക്കുന്ന സിനിമകള്‍ക്ക് പണം മുടക്കുന്നവര്‍ക്ക് 50 ശതമാനം ലാഭവിഹിതാണ് വാഗ്ദാനംചെയ്തിരുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് 10 ലക്ഷം വരിക്കാരുണ്ടെന്നും വ്യാജമായി കാണിച്ചിരുന്നു.
സാധാരണക്കാരെ നിക്ഷേപത്തട്ടിപ്പിലേക്ക് ആകര്‍ഷിക്കാനാണ് ‘ഹൈറിച്ച് പലചരക്ക് ഷോപ്പി’ തുടങ്ങിയത്. പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വസ്തത ജനിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക് പലചരക്കുസാധനങ്ങള്‍ക്ക് 30 ശതമാനം വിലക്കുറവ് വാഗ്ദാനം ചെയ്തു. 800 രൂപയായിരുന്നു അംഗത്വ ഫീസ്. അംഗങ്ങളെ ചേര്‍ക്കുന്നവര്‍ക്ക് 12.5 ശതമാനം കമീഷനും ഉണ്ടായിരുന്നു. വീട്ടമ്മമാര്‍ ഉള്‍പ്പെടെ ഇതോടെ കെണിയില്‍ വീണു. തുടക്കത്തില്‍ പലര്‍ക്കും വലിയ ലാഭം കിട്ടിയതോടെ കൂടുതല്‍ പേര്‍ കെണിയില്‍ വീഴുകയായിരുന്നു.
തട്ടിയെടുത്ത തുക അഞ്ച് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണ അന്വേഷണ സംഘം കണ്ടെത്തി. അക്കൗണ്ടുകളും തുകയും ഇങ്ങനെ: വി. റിയാസ് (18.26 കോടി രൂപ), രാഹുല്‍ ഗന്ധരാജ് നെര്‍ക്കര്‍ (10.06 കോടി), രാജ്കുമാര്‍ മാന്‍ഹര്‍ (7.96 കോടി), കെ.ആര്‍. ദിനുരാജ് (5.97 കോടി), സുരേഷ്ബാബു (5.35 കോടി). പ്രതാപന്റെ ഭാര്യ കെ.എസ്. ശ്രീനയാണ് കമ്പനിയുടെ സി.ഇ.ഒ ആയിരുന്നത്.





