18
Feb 2025
Tue
18 Feb 2025 Tue
himalayan guru Ashraf baba

കണ്ണൂര്‍: തട്ടിപ്പുകളില്‍ തലകുത്തി വീഴാന്‍ മലയാളി ജന്മങ്ങള്‍ പിന്നെയും ബാക്കി. (Himalayan guru Ashraf Baba; Spiritual scam in Kannur) പകുതി വില തട്ടിപ്പിന് പിന്നാലെ കോടികളുടെ ആത്മീയ തട്ടിപ്പില്‍ കുരുങ്ങി നിരവധി അന്ധവിശ്വാസികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈന്‍ ആത്മീയ ക്ലാസുകളില്‍ പങ്കെടുത്താല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് പുതിയ തട്ടിപ്പ്. കേരളത്തിന് അകത്തും പുറത്തുമായി നിരവധിയാളുകളെയാണ് വിദഗ്ധമായി പറ്റിച്ചത്.

കണ്ണൂര്‍ മമ്പറം സ്വദേശിയായ പ്രശാന്ത് മാറോളി എന്നയാളുടെ പരാതിക്ക് പിന്നാലെയാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. ഇയാളുടെ പരാതിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് എടുത്തു. ഡോ. അഷ്‌റഫ്, ഡോ. അഭിനന്ദ് കാഞ്ഞങ്ങാട്, കെ എസ് പണിക്കര്‍, അനിരുദ്ധന്‍, വിനോദ് കുമാര്‍, സനല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ALSO READ: ശനിയാഴ്ച്ചയ്ക്കുള്ളില്‍ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ഗസ നരകമാക്കുമെന്ന് ട്രംപിന്റെ ഭീഷണി

ഹിമാലയന്‍ തേര്‍ഡ് ഐ ട്രസ്റ്റ് എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്. പ്രപഞ്ചോര്‍ജത്തെ ഫലപ്രദമായി ഉപയോഗിച്ച് സര്‍വോന്മുഖമായ നേട്ടം ആത്മീയകാര്യങ്ങളില്‍കൂടി കൈവരിക്കുമെന്ന് യൂട്യൂബില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ്. കണ്ണൂരില്‍ മാത്രമായി 13 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്.

സാമ്പത്തിക-വിദ്യാഭ്യാസ കാര്യങ്ങളില്‍ നേട്ടം, ജോലി ഉയര്‍ച്ച, സന്താന ഭാഗ്യം എന്നിവ ലഭിക്കുമെന്ന് ആളുകളെ വിശ്വസിപ്പിച്ചു. സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഒന്നാം പ്രതിയായ അഷ്‌റഫ് എന്നയാളാണ് ക്ലാസ് നടത്തിയത്.

ഹിമാലയന്‍ ഗുരു അഷ്‌റഫ് ബാബ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് 14,000 രൂപയാണ് ഫീസ്. ഗുരുവില്‍ നിന്ന് കൂടുതല്‍ അനുഗ്രഹം ലഭിക്കുന്നതിന് ആയിരമോ, പതിനായിരമോ ലക്ഷങ്ങളോ നല്‍കാം.

ഇതിനായി ആയിരം പേരടങ്ങുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുമുണ്ട്. നേട്ടം ലഭിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ വീഡിയോയും മറ്റ് വിവരങ്ങളും ഈ ഗ്രൂപ്പിലൂടെ വിശ്വാസം നേടാനായി പങ്കുവെക്കാറുണ്ടായിരുന്നു.

ആത്മീയ ക്ലാസുകള്‍ക്കൊപ്പം ടൂര്‍ പ്രോഗ്രാമും ഇവര്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. പണം നല്‍കിയിട്ടും ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോഴാണ് പലരും പരാതിയുമായി എത്തിയത്.