ജറുസലേം: ഗസയിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുമെന്ന ഭീഷണിയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. (Trump threatens to turn Gaza into hell if all hostages are not released by Saturday) എല്ലാ ബന്ദികളെയും ശനിയാഴ്ച്ചയ്ക്കുള്ളില്‍ മോചിപ്പിച്ചെല്ലെങ്കില്‍ ഗസ നരകമാക്കുമെന്നാണ് ഭീഷണി.
|
ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
‘ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രായേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍, വീണ്ടും നരകം സൃഷ്ടിക്കും’- ട്രംപ് പറഞ്ഞു. താന്‍ നിര്‍ദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഭീഷണി കൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന് ട്രംപ് വിശദീകരിച്ചില്ല. താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് അറിയാമെന്നു മാത്രമാണ് ട്രംപ് പറഞ്ഞത്. വെടിനിര്‍ത്തലിനു ശേഷം യുഎസ് സേനയുടെ സാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് ‘എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം’ എന്നും ട്രംപ് മറുപടി നല്‍കി.
ഗസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, എന്ത് അധികാരത്തിലാണ് യുഎസ് ഇതു ചെയ്യാന്‍ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല.
‘ഗസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂര്‍ണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗസ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണ്. യുഎസ് അതു സ്വന്തമാക്കും. മനോഹരമായി പുനര്‍നിര്‍മിക്കും.’ട്രംപ് പറഞ്ഞു.
‘ഗസ മുനമ്പിന്റെ ഭാഗങ്ങള്‍ മനോഹരമായി പുനര്‍നിര്‍മിക്കാന്‍ മധ്യപൂര്‍വദേശത്തെ മറ്റു സമ്പന്ന രാജ്യങ്ങളെ യുഎസ് അനുവദിക്കും. എന്നാല്‍, ഹമാസിന്റെ മടങ്ങിവരവ് അനുവദിക്കില്ല’ ന്യൂ ഓര്‍ലിയന്‍സിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്‌സ് വണില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രസിഡന്റ് പറഞ്ഞു.
നേരത്തേയുള്ള ധാരണ പ്രകാരം ശനിയാഴ്ച്ച കൂടുതല്‍ ബന്ദികളെ കൈമാറേണ്ടതായിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിനാല്‍ ബന്ദി കൈമാറ്റം ഇനിയൊരു അറിയിപ്പ് വരെ നിര്‍ത്തിവച്ചതായി ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അറിയിച്ചു.
കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ ഇസ്രായേല്‍ വല തവണ നിബന്ധനകള്‍ ലംഘിച്ചതായി അബൂ ഉബൈദ ചൂണ്ടിക്കാട്ടി. ഗസയിലേക്കുള്ള തടവുകാരുടെ മടക്കം വൈകിപ്പിക്കല്‍, മടങ്ങി വരുന്ന തടവുകാരെ ആക്രമിക്കല്‍, ഗസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ നീക്കം തടയല്‍ തുടങ്ങിയവ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഹമാസ് എല്ലാ നിബന്ധനകളും പാലിച്ചതായും അദ്ദേഹം അറിയിച്ചു.


