|
ന്യൂഡൽഹി: തനിക്കെതിരായ അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് ഇന്ത്യക്കെതിരായ ആസൂത്രിതനീക്കത്തിന്റെ ഭാഗമാണെന്ന് ശതകോടീശ്വരൻ ഗൗതം അദാനി. ആരോപണങ്ങൾ നുണയല്ലാതെ മറ്റൊന്നും അല്ലെന്നും ഇത് ഇന്ത്യയ്‌ക്കെതിരായ ആസൂത്രിത നീക്കമാണെന്നും പ്രതികരിച്ചു. 413 പേജുള്ള വിശദീകരണ കുറിപ്പിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യങ്ങൾ പറയുന്നത്.
ഹിൻഡൻബെർഗിന്റേത് കേവലം ഏതെങ്കിലും ഒരു കമ്പനിയ്ക്ക് നേരെയുള്ള ആക്രമണല്ല. ഇന്ത്യയുടെ അഭിലാഷങ്ങൾക്കും അതിന്റെ വളർച്ചാ കഥയ്ക്കും നേരയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണിതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഹിൻഡൻബർഗിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനായി ഗൂഢലക്ഷ്യമുണ്ടെന്നും അദാനി ഗ്രൂപ്പ് ആരോപിക്കുന്നു.
പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച് ഹിൻഡൻബർഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി കുറ്റപ്പെടുത്തി. വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്തമായ സ്ഥാപനമാണ് ഹിൻഡൻബർഗ്. ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളർന്നത് വൻ തട്ടിപ്പ് വഴിയാണെന്ന റിപ്പോർട്ടാണ് ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നടത്തിയ പഠനത്തിലാണ് അദാനി ഗ്രൂപ്പ് ചെയ്തുവെന്ന പറയുന്ന തട്ടിപ്പുകളെ കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തുന്നത്.



