|
ധക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് നാടുവിട്ടതോടെ ക്രമസമാധാനനില താറുമാറായ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് വ്യാപകമായ പീഡനമാണെന്ന ആക്ഷേപങ്ങള്‍ക്കിടെ പ്രതികരണവുമായി രാജ്യത്തെ ഹിന്ദു നേതാവ്. ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നില്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തുന്ന നുണപ്രചാരണം നിര്‍ത്തണമെന്നും ഷെയ്ഖ് ഹസീനയെക്കുറിച്ച് വേവലാതിയുണ്ടെങ്കില്‍ നരേന്ദ്രമോഡിയെ മാറ്റി അവരെ പ്രധാനമന്ത്രിയാക്കൂവെന്നും ബംഗ്ലാദേശ് നാഷണല്‍ ഹിന്ദു മഹാജോത്ത് ജനറല്‍ സെക്രട്ടറി അഡ്വ. ഗോബിന്ദ ചന്ദ്ര പ്രമാണിക് പറഞ്ഞു. (Bangladesh Hindu Leader Gobinda Pramanik says No Attack on Hindus in Bangladesh. Blames Republic for Sensationalizing News)
ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിലുള്ളവര്‍ വ്യാപകമായി അക്രമണത്തിന് ഇരയാകുന്നുവെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്കെതിരെ വീഡിയോ സന്ദേശത്തിലൂടെയാണ് ഗോബിന്ദ രംഗത്തുവന്നത്.
ഗോബിന്ദ പ്രമാണിക്കിന്റെ വാക്കുകള്‍:
“കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം ഈ രാജ്യത്തെ ഹിന്ദു സമൂഹം കരുതിയത് തങ്ങൾ വൻതോതിൽ ആക്രമിക്കപ്പെടുമെന്നും തീവയ്പ് സംഭവങ്ങൾ ഉണ്ടാകുമെന്നും ആയിരുന്നു.
എന്നാൽ ബിഎൻപി, ജമാഅത്ത് നേതാക്കൾ ഹിന്ദുക്കളും അവരുടെ ഭവനങ്ങളും ആക്രമിക്കപ്പെടരുതെന്നും ക്ഷേത്രങ്ങൾ സംരക്ഷിക്കണമെന്നും അണികൾക്കു നിർദേശം നൽകി. എന്നാൽ അവാമി ലീഗിന്റെ സജീവരായ ചില ഹിന്ദു നേതാക്കളും ചില സജീവ മുസ് ലിം നേതാക്കളും ആക്രമിക്കപ്പെട്ടു. ചിലയിടത്ത് ചെറിയ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായി എന്നത് സത്യമാണ്. എന്നാൽ വ്യാപകമായ ആക്രമണമൊരിടത്തും ഉണ്ടായില്ല.
പക്ഷേ, ഇന്ത്യയിൽ നിന്നുള്ള ‘റിപ്പബ്ലിക്’ ടിവി വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ഞങ്ങൾ കണ്ടു. ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ തകർക്കപ്പെട്ടതിൽ അവർ വളരെ വേദനിക്കുന്നു, എന്നെ വിളിച്ച ഒരു പത്രപ്രവർത്തകനോട് ഞാൻ പറഞ്ഞു. ‘നിങ്ങൾക്ക് ഹസീനയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, ദയവായി പ്രധാനമന്ത്രി മോദിയെ പുറത്താക്കി ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുക. അവൾ ഇന്ത്യയെയും ഏഴു സഹോദരിമാരെയും സംരക്ഷിക്കും. ഹസീന ഇവിടെ ഇല്ലെങ്കിൽ സെവൻ സിസ്റ്റേഴ്സ് ഉണ്ടാകില്ലെന്നാണ് നിങ്ങൾ ദിവസവും പറയുന്നത്. ഇപ്പോൾ നിങ്ങൾക്ക് ഒരു വലിയ അവസരമാണ്. നിങ്ങൾ ഷെയ്ഖ് ഹസീനയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കൂ.”
Gobinda Pramanik, head of #Bangladesh Jatiyo Hindu Mahajot, an org with alleged RSS links, says protesters r guarding Hindus&templs; miscreants were behind stray attacks; Republic etc creating sensation; Indians crying for Hasina sud make her PM. Spoke to him over phn nd verified pic.twitter.com/73joihoAeR
— স্নিগ্ধেন্দু Snigdhendu (@snigspeak) August 6, 2024
അതേസമയം ബംഗ്ലാദേശിലെ കുമിലയില്‍ മുസ്ലിം മത പണ്ഡിതര്‍ ഹിന്ദു ക്ഷേത്രത്തെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശില്‍ നിന്നും ഒരു കോടി ഹിന്ദു അഭയാര്‍ഥികള്‍ വരുംദിവസങ്ങള്‍ക്കുള്ളില്‍ പശ്ചിമബംഗാളിലെത്തുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ അഭയാര്‍ഥികളുടെ പ്രവേശനത്തിന് പശ്ചിമ ബംഗാളിലെ ജനങ്ങള്‍ തയ്യാറാവണമെന്നും അധികാരി പറഞ്ഞിരുന്നു.
Hindu leader denies news of Hindus being attacked in Bangladesh


